മലപ്പുറം ഫുട്ബോള്‍ ഹബ്ബാക്കുന്നതിനു സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ: സ്പീക്കര്‍ സുബ്രതോ കപ്പിനുള്ള അണ്ടര്‍ 14 ടീമിന് യാത്രയയപ്പ് നല്കി
മലപ്പുറം: കേരളത്തിന്റെ ഫുട്ബോള്‍ ഹബ്ബാക്കി മലപ്പുറത്തെ മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍കൈയെടുക്കണമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള അണ്ടര്‍ 14 ടീമിനു മലപ്പുറം എംഎസ്പിയില്‍ നല്കിയ യാത്രയയപ്പു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിമിതികള്‍ക്കിടയിലും ഫുട്ബോളിനെ നെഞ്ചേറ്റുന്നവരാണു മലപ്പുറത്തുകാര്‍. ബ്രിട്ടീഷുകാര്‍ ഫുട്ബോള്‍ കളിക്കുന്നതു കണ്ടാണു മലപ്പുറത്തുകാര്‍ വളര്‍ന്നത്. കളിക്കാന്‍ ആളെ തികയാതിരുന്നപ്പോള് മാത്രമാണു കാഴ്ചക്കാരായി നിന്നിരുന്ന നമ്മളെ കളത്തിലിറക്കിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു ഫുട്ബോള്‍ കളിയെന്നും അദ്ദേഹം പറഞ്ഞു.
കായിക മേഖലകളില്‍ പ്രദേശ കേന്ദ്രീകൃതമായ വികസനം വേണമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് അക്കാദമിയും മികച്ച പരിശീലകരും ഗ്രൗണ്ടുകളും ഹോസ്റ്റലുമെല്ലാം ഒരുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സമഗ്രമായ ഒരു ഫുട്ബോള്‍ ഹബ്ബിനു പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 14നാണു ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 15നു ജാര്‍ഖണ്ഡിനോടാണ് എം എസ് പിയുടെ ആദ്യ മത്സരം. ടീം അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഉപഹാരം നല്കി. മലപ്പുറം നഗരസഭാ അധ്യക്ഷ സി എച്ച് ജമീല അധ്യക്ഷയായി. വൈസ് ചെയര്മാന് പെരുമ്പള്ളി സൈത്, എം എസ് പി കമാന്‍ഡന്റ് കുരികേഷ് മാത്യു, ബിനോയ് സി ജയിംസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."