കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമവുമായി യുഎഇ; ഇക്കാര്യങ്ങൾ നിർബന്ധമായും മാതാപിതാക്കൾ അറിഞ്ഞിരിക്കണം
അബൂദബി: ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമനിർമ്മാണവുമായി യുഎഇ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 2025-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 26 പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവന ദാതാക്കൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മാതാപിതാക്കൾ എന്നിവർക്ക് കൃത്യമായ ഉത്തരവാദിത്തങ്ങൾ നൽകുന്നതാണ് പുതിയ നിയമം.
യുഎഇയിൽ പ്രവർത്തിക്കുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതോ ആയ എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും (ISP), ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും നിയമം ബാധകമാകും. സോഷ്യൽ മീഡിയ, ഗെയിമിംഗ് ആപ്പുകൾ, സ്ട്രീമിംഗ് സൈറ്റുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് എത്രത്തോളം അപകടസാധ്യതയുള്ളതാണെന്ന് വിലയിരുത്തി അവയെ പ്രത്യേക വിഭാഗങ്ങളായി തിരിക്കും. ഉള്ളടക്കത്തിന്റെ സ്വഭാവം, ഉപയോഗത്തിന്റെ അളവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഈ വർഗ്ഗീകരണം.
കുട്ടികൾക്കായി പ്രത്യേക പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം തടയുന്നതിനായി ഫിൽട്ടറിംഗ് സിസ്റ്റങ്ങളും കണ്ടന്റ് ബ്ലോക്കിംഗ് ടൂളുകളും നിർബന്ധമാക്കും.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ (Personal Data) ശേഖരിക്കാനോ പ്രസിദ്ധീകരിക്കാനോ പങ്കിടാനോ പാടില്ല. വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾക്കായി ചില ഇളവുകൾ അനുവദിക്കുമെങ്കിലും ഇതിന് കർശനമായ മാനദണ്ഡങ്ങളുണ്ടാകും.
ഓൺലൈൻ വാണിജ്യ ഗെയിമുകളിൽ പങ്കെടുക്കുന്നതിനോ ചൂതാട്ടം, വാതുവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ തുടങ്ങുന്നതിനോ കുട്ടികൾക്ക് അനുവാദമില്ല. ഇത്തരം സേവനങ്ങൾ കുട്ടികൾക്ക് ലഭ്യമാകാതിരിക്കാൻ പ്ലാറ്റ്‌ഫോമുകൾ ജാഗ്രത പാലിക്കണം.
കുട്ടികൾക്ക് സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കൾ (ISP) പാരന്റൽ കൺട്രോൾ ടൂളുകൾ നൽകണം. ദോഷകരമായ ഉള്ളടക്കം ഫിൽട്ടർ ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഇവർ നിലനിർത്തണം.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകളിൽ കുട്ടികൾക്കായി അക്കൗണ്ടുകൾ തുടങ്ങുന്നത് ഒഴിവാക്കണം. ലഭ്യമായ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു.
the uae has introduced a new law to strengthen children’s digital safety online. it defines platform responsibilities parental roles data protection standards and penalties aiming to curb harmful content cyber risks exploitation and misuse while promoting safer digital environments for minors nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."