ബിയ്യം കായല്‍ ജലോത്സവം 15ന്
പൊന്നാനി: ഈ വര്‍ഷത്തെ പൊന്നാനി താലൂക്കിലെ ഓണം ടൂറിസം വരാഘോഷത്തിനു ഞായറാഴ്ച തുടക്കമാവും. മലബാറിലെ ഏറ്റവും വലിയ ജലോത്സവമായ ബിയ്യം കായല്‍ ജലോത്സവം 15 നു നടക്കും. 11 നു പോത്തന്നൂര്‍ പ്രിയദര്‍ശിനി ഗ്രന്ഥശാല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പെണ്‍കൂട്ടായ്മയുടെ തിരുവാതിരക്കളിയോടെയാണു ടൂറിസം വാരാഘോഷ മല്‍സരങ്ങള്‍ക്കു തുടക്കമാവുക .
രാവിലെ ഒന്‍പതിനു മല്‍സരങ്ങള്‍ ആരംഭിക്കും. 12 നു പോത്തന്നൂര്‍ എഗ്‌സാഗ് അസോസിയേഷന്റെ സഹകരണത്തോടെ രാവിലെ മുതല്‍ ഗൃഹാന്തര പൂക്കള മല്‍സരം, മൈലാഞ്ചിയിടല്‍ എന്നിവ നടക്കും. ഉച്ചയ്ക്കു 2.30നു പൊറുക്കര യാസ്‌പോയുടെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ അംശക്കച്ചേരി മുതല്‍ കുണ്ടുകടവ് ജങ്ഷന്‍ വരെ ക്രോസ് കണ്‍ട്രി നടക്കും. 13 ന് എ.വി ഹൈസ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ മാജിക് ഷോ, പൂക്കള മല്‍സരം, ചിത്രരചന, കവിതാ പാരായണം, മാപ്പിളപ്പാട്ട് മല്‍സരം എന്നിവ നടക്കും. തുടര്‍ന്നു വടംവലി മല്‍സരവും ഉച്ചയ്ക്കു രണ്ടിനു ചിയാനൂര്‍ മോഡേണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ ചിറക്കളത്ത് ഓര്‍മയിലെ ഓണം ഗാനമേള നടക്കും. 14 ന് ഉച്ചയ്ക്കു രണ്ടിനു പോത്തന്നൂര്‍ പ്രിയദര്‍ശിനിയുടെ സഹകരണത്തോടെ റോപ്പ് റേസിംഗ്, നീന്തല്‍ മത്സരം, മഡ്‌സോക്കര്‍, ലൈറ്റ് ഷോ, മഡ് ഫുട്‌ബോള്‍, പൂക്കള മത്സരം, ഷട്ടില്‍ ടൂര്‍ണമെന്റ് വോളിബോള്‍, കാരംസ്, ഓണം ക്വിസ്, വടംവലി മത്സരങ്ങള്‍ നടക്കും .
15 ന് എടപ്പാള്‍ വിക്‌റ്റോറിയയുടെ സഹകരണത്തോടെ രാവിലെ ഒന്‍പതിനു സാംസ്‌കാരിക ഘോഷയാത്രയും പത്തിനു നീന്തല്‍ മത്സരവും സംഘടിപ്പിക്കും. 15 ന് ഉച്ചക്ക് 2.30 നു ബിയ്യം കായലില്‍ വള്ളം കളി മല്‍സരം നടക്കും. മേജര്‍, മൈനര്‍.എ , മൈനര്‍.ബി വിഭാഗങ്ങളിലായി ഇരുപതോളം വള്ളങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും.
മല്‍സരത്തിന്റെ മുന്നോടിയായി ജലഘോഷയാത്രയും അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. വള്ളം കളി മല്‍സരങ്ങളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി. ശീരാമകൃഷ്ണന്‍ നിര്‍വഹിക്കും . ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ മുഖ്യാതിഥിയാകും. ഇത്തവണത്തെ ജലോത്സവം കൂടുതല്‍ ശ്രദ്ധേയമാക്കാനും തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനും വിപുലമായ മുന്നൊരുക്കങ്ങളാണുനടത്തിയിരിക്കുന്നതെന്നു ടൂറിസം വാരാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, അഡീഷണല്‍ തഹസില്‍ദാര്‍ എം.സത്യന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."