വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ
"സംഘടനയുടെ ഉദ്ദേശം ഒരു പ്രത്യേക വർഗ്ഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുവാൻ ആയിരിക്കരുത്. നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നത് ആയിരിക്കണം." 1927ൽ പള്ളാതുരുത്തിയിൽ വെച്ച് നടന്ന എസ്എൻഡിപി യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ഗുരു പങ്കു വെച്ച വാക്കുകളാണിത്. മനുഷ്യരെ എല്ലാവരെയും ഒരു പോലെ കണ്ട, അനീതികൾക്കെതിരെ ശക്തമായി നിലകൊണ്ട, ആത്മീയതയുടെ പാതയിലൂടെ സത്യത്തെ കണ്ടെത്താൻ ശ്രമിച്ച ഗുരു പ്രഥമ അധ്യക്ഷനായ എസ്എൻഡിപി യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി പ്രശസ്ത കവി കുമാരനാശാനായിരുന്നു. ഗുരുവിന്റെ ആശിർവ്വാദത്തോട് കൂടി 1903ൽ പത്മനാഭൻ പൽപ്പു രൂപം നൽകിയ സാമൂഹിക പരിഷ്കരണ സംഘടനയായ അതേ എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വർഗ്ഗീയ പരാമർശങ്ങളും, മുസ്‌ലിം വിരുദ്ധതയും പ്രചരിപ്പിക്കുന്നത്.
വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പരാമർശങ്ങളും സിപിഎം നിലപാടും
മലപ്പുറത്തെ കേന്ദ്രീകരിച്ച് ആദ്യമായിയൊന്നുമല്ല വെള്ളാപ്പള്ളി വർഗ്ഗീയവും വംശീയവുമായ പരാമർശങ്ങൾ നടത്തുന്നത്. മലപ്പുറം ചില പ്രത്യേകം ആളുകളുടെ രാജ്യമാണെന്നും, അവിടെ പിന്നാക്ക സമുദായത്തിലുള്ളവർക്ക് ജീവിക്കാൻ ഭയമാണെന്നും, സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നോമ്പ് കാലത്ത് പെട്ടി കട പോലും തുറക്കാത്ത അവസ്ഥയാണുള്ളതെന്ന കാലകാലമായി സംഘപരിവാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രചരണവും വെള്ളാപ്പള്ളി ഏറ്റുപിടിച്ചിരുന്നു. സമസ്ത, ലീഗ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി മുസ്‌ലിം സമുദായത്തിനകത്തെ വ്യത്യസ്ത രാഷ്ട്രീയ സാമുദായിക സംഘടനകൾക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ പത്ര മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞൊരു വ്യക്തി കൂടിയാണ് വെള്ളാപ്പള്ളി. മൂന്ന് പതിറ്റാണ്ടിലേറെ എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വെള്ളാപ്പള്ളി മുസ്‌ലിം-ക്രിസ്ത്യൻ സമുദായങ്ങൾക്ക് നേരെ പ്രചരിപ്പിച്ച വർഗ്ഗീയ പരാമർശങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല.
വെള്ളാപ്പള്ളിയുടെ ഇത്തരത്തിലുള്ള വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഎം. അഴുക്കുചാൽ വൃത്തിയാക്കവേ മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട നൗഷാദിനെ കുറിച്ച് വളരെ മോശപ്പെട്ട രീതിയിൽ വർഗ്ഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ ശക്തമായ ഭാഷയിൽ വിമർശിച്ച വ്യക്തിയാണ് നിലവിലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ തൊഗാഡിയ എന്നാണ് വെള്ളാപ്പള്ളിയെ പിണറായി അന്ന് വിശേഷിപ്പിച്ചത്. വിഎസ്സ് അടക്കം സിപിഎമ്മിന്റെ പല നേതാക്കളും വെള്ളപ്പള്ളിയോട് വിയോജിക്കേണ്ടിടത്ത് ശക്തമായി തന്നെ വിയോജിച്ച സന്ദർഭങ്ങൾ വേറെയുമുണ്ട്.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ തങ്ങൾക്ക് നഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ സിപിഎം ഭൂരിപക്ഷ വോട്ട് ബാങ്ക് നിലനിർത്തുന്നതിന് വേണ്ടി പയറ്റിയ തന്ത്രങ്ങളിൽ പ്രധാനമാണ് ഭൂരിപക്ഷ സാമുദായിക നേതാക്കളെ ഒപ്പം നിർത്തുക എന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള നീക്ക് പോക്കുകളൊക്കെയും സ്വാഭാവികമാണ്. എന്നാൽ സിപിഎം ഈ കൂട്ട് കെട്ടിന് വേണ്ടി തങ്ങളുടെ മതേതര പാരമ്പര്യം തന്നെ പണയപ്പടുത്തി എന്നതാണ് ഏറെ ഖേദകരമായ വസ്തുത. ഈഴവ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ച സി പി എം നിലവിൽ പഴേതിലും ശക്തമായി വർഗ്ഗീയത പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ ശബ്‌ദിക്കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് വേദികൾ നൽകി ആദരിക്കുകയും കൂടി ചെയ്യുകയാണ്. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തൊട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ വരെ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിലെ വർഗ്ഗീയതയെ പൂർണ്ണാർത്ഥത്തിൽ തള്ളി കളയാൻ ഇത് വരെ തയ്യാറായിട്ടുമില്ല.
കേരളത്തിൽ മുസ്ലിം സമുദാത്തിന് സർക്കാർ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നു എന്ന വാദം ശരിയോ?
കുറച്ച് കാലങ്ങളിലായി വെള്ളാപ്പള്ളി നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാദമാണ് ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാർ അനുമതി നൽകുന്നില്ലെന്നും, സർക്കാർ സഹായത്തോടെ മുസ്ലിംകൾ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നു എന്നതും. ഇത് ഈ അടുത്ത് മലപ്പുറത്തെ സൂചിപ്പിച്ച് വീണ്ടും പറഞ്ഞപ്പോൾ അതിനെതിരെ തെളിവുകൾ ആവശ്യപ്പെട്ട മാധ്യമ പ്രവർത്തകനെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് ഈരാറ്റുപേട്ടയിൽ നിന്നുള്ള മുസ്‌ലിം തീവ്രവാദിയെന്നാണ്.
സർക്കാർ അങ്ങനെ ഈഴവ സാമുദായത്തെ മാറ്റി നിർത്തി കൊണ്ട് മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിൽ അധികമായി എന്തെങ്കിലും നൽകുന്നുണ്ടോ? സെന്റർ ഫോർ എഡ്വേൻസ്ഡ് റിസർച്ച് ഓൺ ഡെവലപ്പിങ്ങ് സൊസൈറ്റീസ് 2023ൽ കേരളത്തിൽ വ്യത്യസ്ത സമുദായങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന എയിഡഡ് സ്‌കൂളുകളുടെ പുറത്തു വിട്ട കണക്ക് പ്രകാരം ജനസംഖ്യയുടെ 17.54% വരുന്ന ക്രിസ്ത്യൻ സമുദായത്തിന് 2020 സ്‌കൂളുകളുണ്ട്, മൊത്തം എയിഡഡ് സ്‌കൂളുകളുടെ 28%. ജനസംഖ്യയുടെ 20.92% വരുന്ന ഈഴവ, തിയ്യ സമുദായങ്ങൾ 1588 സ്‌കൂളുകളുമായി രണ്ടാം സ്ഥാനത്താണ്. മൊത്തം എയിഡഡ് സ്‌കൂളുകളുടെ 22%. ജനസംഖ്യയുടെ 14.16% വരുന്ന നായരടങ്ങുന്ന ജാതി സമുദായങ്ങൾ 1371 സ്‌കൂളുകളുമായി മൂന്നാം സ്ഥാനത്താണ്. മൊത്തം സ്‌കൂളുകളുടെ 19%. ജനസംഖ്യയുടെ 28.15% വരുന്ന മുസ്ലിം സമുദായത്തിന് ആകെയുള്ളത് 938 എയിഡഡ് സ്‌കൂളുകളാണ്. മൊത്തം സ്‌കൂളുകളുടെ 13% മാത്രം. ജനസംഖ്യയുടെ 1.2% വരുന്ന സവർണ്ണ ജാതികൾക്ക് 505 എയിഡഡ് സ്‌കൂളുകളുണ്ട്. മൊത്തം സ്‌കൂളുകളുടെ 7%. 18.03% വരുന്ന പിന്നാക്ക വിഭാഗങ്ങൾക്കുള്ളതാകട്ടെ 794 വിദ്യാലയങ്ങൾ മാത്രം. മൊത്തം എയിഡഡ് സ്‌കൂളുകളുടെ 11%. ഇതിൽ ജനസംഖ്യ വെച്ച് നോക്കുമ്പോൾ മുസ്ലിംകൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടത്ര എയിഡഡ് സ്കൂളുകൾ ഇല്ലെന്ന് ബോധ്യമാകും. മാത്രമല്ല സവർണ്ണ ജാതികൾക്കും, ക്രിസ്ത്യൻ സമുദായത്തിനും കൂടുതൽ എയിഡഡ് സ്കൂളുകൾ അനുവദിക്കപ്പെട്ടതായും കാണാം.
വസ്തുതകൾ ഇങ്ങനെയായിരിക്കെ എന്തിനാവും വെള്ളാപ്പള്ളി നടേശൻ നേർ വിപരീതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്? കേരളത്തിന്റെ മതേതര മനസ്സിൽ അടിസ്ഥാനമില്ലാത്ത വർഗ്ഗീയ പരാമർശങ്ങൾ നടത്തി സംഘപരിവാറിന്റെ വളർച്ച സാധ്യമാക്കുക എന്നത് തന്നെ അതിന്റെ ഉദ്ദേശം. ഖേദകരമെന്ന് പറയട്ടെ, നിലവിൽ വെള്ളാപ്പള്ളിയുടെ ഈ ഉദ്ദേശത്തിന് സർക്കാരും നിശബ്ദ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."