ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്
ചെന്നൈ: നഗരത്തിന്റെ ജീവനാഡിയായ സബേർബൻ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാകുന്നു. വ്യാസർപാടി ജീവ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ അജ്ഞാത സംഘം നടത്തിയ കല്ലേറിലും കുപ്പിയേറിലും മൂന്ന് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. തിരുവള്ളൂരിൽ നിന്ന് സെൻട്രലിലേക്ക് വരികയായിരുന്ന ട്രെയിനിലെ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്.
ക്രൂരമായ ആക്രമണം
ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. തിരുവള്ളൂർ - ചെന്നൈ സെൻട്രൽ ട്രെയിൻ വ്യാസർപാടിക്ക് സമീപമെത്തിയപ്പോൾ എതിർദിശയിലൂടെ പോയ മറ്റൊരു ട്രെയിനിൽ നിന്നാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ സതീഷ് കുമാർ, എസ്. പഴനിവേൽ, അനന്തൻ എന്നിവർക്കാണ് പരിക്കേറ്റത്.കല്ലുകളും, ചില്ലുകുപ്പികളും ഉപയോഗിച്ചായിരുന്നു എറിയുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ തന്നെ ചെന്നൈ സെൻട്രലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സബേർബനിൽ സുരക്ഷാ ഭീതി പടരുന്നു
വന്ദേഭാരത് പോലുള്ള ദീർഘദൂര ട്രെയിനുകൾക്ക് നേരെ മുൻപ് കല്ലേറുണ്ടായിട്ടുണ്ടെങ്കിലും സബേർബൻ സർവീസുകൾക്ക് നേരെയുള്ള ഇത്തരം സംഘടിത ആക്രമണം യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.മുൻപ് കോളജ് വിദ്യാർത്ഥികൾ തമ്മിലുള്ള 'റൂട്ട് തല' തർക്കങ്ങൾ ട്രെയിനുകളിൽ പതിവായിരുന്നു. വടിവാളുകൾ പ്ലാറ്റ്‌ഫോമിൽ ഉരച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവായിരുന്നുവെങ്കിലും സാധാരണ യാത്രക്കാരെ ആക്രമിക്കുന്നത് അപൂർവ്വമാണ്.ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഹരിക്ക് അടിമപ്പെട്ടവരും അനധികൃത കച്ചവടക്കാരും തമ്പടിക്കുന്നത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം ഒരു മലയാളി ആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് നേരെ പോലും ആക്രമണമുണ്ടായി.
റെയിൽവേയുടെ നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം
ട്രെയിനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വർധിപ്പിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് റെയിൽവേ പരിഗണന നൽകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.വനിതാ കംപാർട്ട്‌മെന്റുകളിൽ പുരുഷന്മാരും യാചകരും അതിക്രമിച്ചു കയറുന്നതിനെതിരെ പരാതികൾ ശക്തമാണ്.മോഷണവും ലഹരി ഉപയോഗവും വർധിച്ചിട്ടും ട്രെയിനുകൾക്കുള്ളിൽ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം കുറവാണെന്നും ആക്ഷേപമുണ്ട്.സംഭവത്തിൽ റെയിൽവേ സുരക്ഷാസേനയും (RPF) റെയിൽവേ പൊലിസും (GRP) അന്വേഷണം ഊർജിതമാക്കി. പ്രതികളെ തിരിച്ചറിയാൻ സമീപ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."