പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം
തിരുവനന്തപുരം: വിദ്യാർത്ഥിനിയോട് വീഡിയോ കോളിലൂടെ അശ്ലീല പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ സ്വദേശിയായ ബയോളജി അധ്യാപകൻ എൻ. ശാലുവാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.
സംഭവം ഇങ്ങനെ
സ്കൂൾ പരീക്ഷയുടെ തലേദിവസം സംശയങ്ങൾ ചോദിക്കാനായി അധ്യാപകനെ വിളിച്ചപ്പോഴാണ് അതിക്രമമുണ്ടായത്. വീഡിയോ കോളിലൂടെ അധ്യാപകൻ നഗ്നത പ്രദർശിപ്പിക്കുകയും പെൺകുട്ടിയോട് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ കുട്ടിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയയാക്കി. കൗൺസിലിംഗിനിടെയാണ് അധ്യാപകൻ നടത്തിയ ക്രൂരത കുട്ടി വെളിപ്പെടുത്തിയത്.
സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണം
വിവരമറിഞ്ഞ കുട്ടിയുടെ കുടുംബം ഉടൻ തന്നെ സ്കൂൾ അധികൃതരെ പരാതി അറിയിച്ചു. എന്നാൽ സ്കൂൾ മാനേജ്‌മെന്റും അധികൃതരും അധ്യാപകനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. സ്കൂളിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് കുടുംബം വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും (CWC) പരാതി നൽകുകയായിരുന്നു. സി.ഡബ്ല്യു.സി നൽകിയ നിർദ്ദേശപ്രകാരം കിളിമാനൂർ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഇരയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി
പരാതി നൽകിയതിന് പിന്നാലെ സ്കൂൾ അധികൃതരും പി.ടി.എ പ്രസിഡന്റും ചേർന്ന് കുട്ടിയെ മോശക്കാരിയാക്കാൻ ശ്രമിച്ചതായും കുടുംബം പറയുന്നു. നിയമവിരുദ്ധമായി കുട്ടിയുടെ പേരും തിരിച്ചറിയൽ വിവരങ്ങളും പി.ടി.എ പ്രസിഡന്റ് വെളിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതർക്കും പി.ടി.എ പ്രസിഡന്റിനുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."