'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ
ന്യൂഡൽഹി: പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല. ചൊവ്വാഴ്ചയാണ് സർവ്വകലാശാല അധികൃതർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്.
സർവകലാശാലയുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. "സർവകലാശാലകൾ നവീന ആശയങ്ങളുടെയും ചിന്തകളുടെയും കേന്ദ്രങ്ങളാണ്. അവയെ വെറുപ്പിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ അനുവദിക്കില്ല," അധികൃതർ കുറിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പെരുമാറ്റം എന്നിവ ഒരിക്കലും അംഗീകരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് സസ്‌പെൻഷൻ, പുറത്താക്കൽ അല്ലെങ്കിൽ സർവകലാശാലയിൽ നിന്ന് സ്ഥിരമായി വിലക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്നതാണെന്ന് കാട്ടി സർവകലാശാല പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ല.
മുദ്രാവാക്യങ്ങൾ വ്യക്തിപരമായ ആക്രമണമല്ലെന്നും മറിച്ച് പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ മാത്രമാണെന്നുമാണ് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ (JNUSU) പ്രസിഡന്റ് അദിതി മിശ്രയുടെ വാദം. എന്നാൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരായ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അവർ പ്രതിനിധാനം ചെയ്യുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അവസാനിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു അദിതിയുടെ പ്രതികരണം.
Jawaharlal Nehru University (JNU) has vowed to take strict action against students who raised objectionable slogans against Prime Minister Narendra Modi and Home Minister Amit Shah during a protest on campus. The university administration has announced disciplinary measures, including immediate suspension, expulsion, and permanent debarment from the university.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."