ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് വഞ്ചിച്ച മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ ജിനേഷിനെ (33) ആണ് കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
ഡിവോഴ്‌സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ജിനേഷ് കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. വെബ്സൈറ്റിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ, ഒരു വർഷം മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരം ജിനേഷ് മറച്ചുവെച്ചാണ് യുവതിയെ വിവാഹം ചെയ്തതെന്ന് പൊലിസ് കണ്ടെത്തി. വിവാഹശേഷം ജിനേഷിന്റെ മുൻകാല ജീവിതത്തെക്കുറിച്ച് സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിവാഹമോചിതർക്കുള്ള മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ നൽകി വിശ്വാസം നേടിയെടുക്കുകയാണ് തട്ടിപ്പ് രീതി. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതി കൊട്ടാരക്കര പൊലിസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയെ വഞ്ചിച്ചതിനും വിവരങ്ങൾ മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ചതിനും ജിനേഷിനെതിരെ പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലിസ് പരിശോധിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."