ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയും കോടതിയിലേക്ക്; കക്ഷി ചേർക്കണമെന്ന് ആവശ്യം
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കുകയും ചെയ്തുവെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ തന്നെക്കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് പരാതിക്കാരിയുടെ പ്രധാന ആവശ്യം.
പരാതിക്കാരിയുടെ വാദങ്ങൾ
കേസുമായി ബന്ധപ്പെട്ട പല നിർണ്ണായക വിവരങ്ങളും കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ടെന്നും അതിനാൽ തന്നെ കേസിൽ കക്ഷി ചേർക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.പരാതി നൽകിയതിന് പിന്നാലെ തനിക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ തന്റെ ഭാഗം കേൾക്കാതെ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് പരാതിക്കാരി കോടതിയിൽ ബോധിപ്പിച്ചു.
പ്രോസിക്യൂഷൻ നിലപാട്
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. യുവതിയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഗർഭഛിദ്രത്തിനായി മരുന്ന് നൽകിയെന്നും, പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. പ്രതിയുടെ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം
തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലപാട്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നത് വ്യാജ ആരോപണമാണെന്നും അദ്ദേഹം കോടതിയിൽ വാദിക്കുന്നു. രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ഈ ആദ്യ കേസിൽ കോടതിയുടെ നിലപാട് നിർണ്ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."