പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരിക്ക്
വയനാട്: പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തിൽ രണ്ട് പാപ്പാന്മാർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെ ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ആനയെ ക്ഷേത്രവളപ്പിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം.
സംഭവം നടന്നത് ഇങ്ങനെ
കൊല്ലത്ത് നിന്നും ഉത്സവത്തിനായി എത്തിച്ച ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. പട്ടണ പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്ര മൈതാനത്ത് നിൽക്കുമ്പോൾ ആന പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന പാപ്പാന്മാരെ ആന ആക്രമിച്ചു.ആനയുടെ ആക്രമണത്തിൽ പാപ്പാന്മാരായ ഉണ്ണി, രാഹുൽ എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ ഉണ്ണിയെയും, രാഹുലിനെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ഉത്സവത്തിനെത്തിയ ഭക്തർ പരിഭ്രാന്തരായി ഓടി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മറ്റ് പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."