മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളത്തിന്റെ വിട; സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളം ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. ശ്വാസകോശ അർബുദത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു (ജനുവരി 6) അദ്ദേഹത്തിന്റെ അന്ത്യം. 73 വയസ്സായിരുന്നു.
സംസ്കാര ചടങ്ങുകൾ
ഇന്നലെ രാത്രി കളമശേരി ഞാലകം കൺവെൻഷൻ സെന്ററിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. രാത്രി പത്ത് മണിയോടെ മൃതദേഹം ആലുവ തോട്ടയ്ക്കാട്ടുകരയിലെ 'പെരിയാർ ക്രസന്റ്' വീട്ടിലെത്തിച്ചു.ഇന്ന് രാവിലെ ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനം തുടരും. തുടർന്ന് പത്ത് മണിക്ക് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.അദ്ദേഹത്തോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു.
നേതാക്കളുടെ അന്ത്യാഞ്ജലി
വ്യവസായ മന്ത്രി പി. രാജീവ്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി തങ്ങൾ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മധ്യകേരളത്തിൽ മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ നേതാക്കൾ അനുസ്മരിച്ചു.
രാഷ്ട്രീയ ജീവിതം ഒറ്റനോട്ടത്തിൽ
എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ വി.കെ. ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്റെ ജനകീയ മുഖമായിരുന്നു. നാല് തവണ നിയമസഭാംഗമായി. 2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നും, 2011 ലും 2016 ലും കളമശ്ശേരിയിൽ നിന്നും വിജയിച്ചു. (മട്ടാഞ്ചേരിയുടെ അവസാന എംഎൽഎയും കളമശ്ശേരിയുടെ ആദ്യ എംഎൽഎയുമാണ് അദ്ദേഹം). 2005-2006 കാലയളവിൽ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011-2016 കാലയളവിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് അംഗം, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."