പതിവ് ഭീഷണി എന്ന് കരുതി ബന്ധുക്കൾ തള്ളി; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കൊല്ലം: വഴക്കിനിടെ ഭാര്യയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്. പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ (27) കൊലപ്പെടുത്തിയ കേസിൽ അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.
കൊലപാതകവും 'വിശ്വസിക്കപ്പെടാത്ത' കുറ്റസമ്മതവും
2022 ഫെബ്രുവരി 2-നായിരുന്നു നാടിനെ നടുക്കിയ സംഭവം. മണിയാറിലെ വാടകവീട്ടിൽ വെച്ച് ദമ്പതികൾ തമ്മിലുണ്ടായ കടുത്ത തർക്കത്തിനൊടുവിൽ മണികണ്ഠൻ മഞ്ജുവിനെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
കൃത്യത്തിന് ശേഷം മണികണ്ഠൻ തന്നെ മഞ്ജുവിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്ന് അറിയിച്ചിരുന്നു. എന്നാൽ, സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കിയ ശേഷം ഇത്തരം ഭീഷണികൾ മുഴക്കുന്നത് ഇയാളുടെ പതിവായതിനാൽ ആരും ഇത് ഗൗരവമായി എടുത്തില്ല. പിറ്റേന്ന് രാവിലെ മഞ്ജുവിന്റെ സഹോദരൻ മനോജ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.കൊലപാതകത്തിന് ശേഷം കൈഞരമ്പ് മുറിച്ച് മണികണ്ഠനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് സീമ സി.എം ആണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയകുമാർ കെ. ഹാജരായി.പുനലൂർ പൊലിസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
അനാഥമായി മക്കൾ
കുരിയോട്ടുമല ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്നു മഞ്ജു. മഞ്ജുവിന്റെ മരണശേഷം ഇവരുടെ മാതാപിതാക്കളാണ് കുട്ടികളെ സംരക്ഷിച്ചിരുന്നത്. എന്നാൽ മാതാപിതാക്കളും മരണപ്പെട്ടതോടെ നിലവിൽ മഞ്ജുവിന്റെ സഹോദരൻ മനോജിന്റെ സംരക്ഷണയിലാണ് ഈ മക്കൾ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."