പക്ഷിപ്പനി ഭീതി; ഫ്രാൻസിലെയും പോളണ്ടിലെയും കോഴി ഉൽപ്പന്നങ്ങൾക്ക് സഊദിയിൽ താൽക്കാലിക വിലക്ക്
റിയാദ്: ഫ്രാൻസിൽ നിന്നും പോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചിക്കും മുട്ടകൾക്കും താൽക്കാലിക വിലക്ക്. സഊധി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഫ്രാൻസിലും പോളണ്ടിലും രോഗകാരിയായ ഏവിയൻ ഇൻഫ്‌ലുവൻസ, ന്യൂകാസിൽ രോഗം എന്നിവ പൊട്ടിപ്പുറപ്പെട്ടിരുന്നു.
പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നിർദേശത്തെ തുടർന്നാണ് താൽക്കാലിക വിലക്ക്.
ഏവിയൻ ഇൻഫ്‌ലുവൻസ, ന്യൂകാസിൽ രോഗം എന്നിവ പരത്തുന്ന വൈറസുകളെ ഇല്ലാതാക്കാൻ പര്യാപ്തമായ താപ ചികിത്സയ്ക്ക് വിധേയമാക്കിയ ഉൽപ്പന്നങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കും. ഇതിനായി ഉൽപ്പന്നങ്ങൾ വൈറസ് മുക്തമാണെന്നുള്ള അധികാരികളുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഇതിനൊപ്പം ഉൾപ്പെടുത്തണം.
ഫ്രാൻസിലേയും പോളണ്ടിലേയും കോഴികളിലും കാട്ടുപക്ഷികളിലും വ്യപകമായി എവിയൻ ഇൻഫ്‌ലുവൻസയും ന്യൂകാസിൽ രോഗവും പടർന്നുപിടിച്ചിരുന്നു. ഇതിനെ തുടർന്ന് സമീപ വർഷങ്ങളിൽ ലക്ഷക്കണക്കിന് വളർത്തു പക്ഷികളെയും കോഴികളെയുമാണ് ഇരു രാജ്യങ്ങളിലും കൊന്നൊടുക്കിയത്.
ലോകമെമ്പാടും പക്ഷിപ്പനി (HPAI H5N1) പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ അധികൃതർ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കാട്ടുപക്ഷികളെയും വളർത്തുപക്ഷികളെയും ബാധിച്ചിരുന്ന വൈറസ് ഇപ്പോൾ സസ്തനികളിലേക്കും മനുഷ്യരിലേക്കും പടരുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
യൂറോപ്പിലെ 29 രാജ്യങ്ങളിലായി ആയിരക്കണക്കിന് പക്ഷികളിൽ ഇതിനകം രോഗബാധ സ്ഥിരീകരിച്ചതായി യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (EFSA) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ 2,896 ഇടങ്ങളിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 442 കേസുകൾ കോഴികളിലും 2,454 എണ്ണം കാട്ടുപക്ഷികളിലുമാണ്.
സാധാരണയായി ശരത്കാലത്ത് ദേശാടന പക്ഷികൾ തെക്കോട്ട് സഞ്ചരിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകാറുള്ളതെങ്കിലും, ഇത്തവണ സീസണിന് മുന്നേ തന്നെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെ കൊറ്റികളും (Cranes) ജലപക്ഷികളുമാണ് പ്രധാനമായും ചത്തൊടുങ്ങുന്നത്.
കംബോഡിയ, ചൈന, മെക്സിക്കോ, യുഎസ് എന്നീ നാല് രാജ്യങ്ങളിലായി 19 പേർക്ക് പക്ഷിപ്പനി ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കംബോഡിയയിലും യുഎസിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച കോഴികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർക്കാണ് വൈറസ് ബാധിച്ചത്.
നിലവിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വൈറസിന് സംഭവിക്കുന്ന ജനിതക മാറ്റങ്ങൾ (Mutations) നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
2021 മുതൽ ആരംഭിച്ച ഈ പക്ഷിപ്പനി തരംഗം ഇതിനകം 50-ലധികം സസ്തനി ഇനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ക്ഷീര കന്നുകാലികളിലും രോഗബാധ കണ്ടെത്തിയത് ആരോഗ്യ മേഖലയെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇത് പക്ഷിപ്പനി നിയന്ത്രണ ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയതായാണ് വിവരം. എങ്കിലും, നിലവിൽ മനുഷ്യരിലെ പൊതുവായ ആരോഗ്യ ഭീഷണി കുറവാണെന്നാണ് ഇഎഫ്എസ്എയുടെ വിലയിരുത്തൽ.
saudi arabia has imposed a temporary ban on poultry products imported from france and poland following bird flu concerns. authorities said the precautionary move aims to protect public health, prevent disease spread, and ensure food safety standards nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."