ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി
ന്യൂഡല്‍ഹി: തുര്‍ക്കുമാന്‍ ഗേറ്റിന് പിന്നാലെ 'ബുള്‍ഡോസര്‍ രാജ്' ഡല്‍ഹി ജമാ മസ്ജിദ് പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ നീക്കമെന്ന് സൂചന. ജമാ മസ്ജിദിന് ചുറ്റുമുള്ള 'കൈയേറ്റങ്ങള്‍' കണ്ടെത്താന്‍ ഡല്‍ഹി ഹൈക്കോടതി മുനിസിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായ സര്‍വേ നടത്തി എല്ലാ അനധികൃത നിര്‍മ്മാണങ്ങളും നീക്കം ചെയ്യണമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നിര്‍ദ്ദേശിച്ചതായാണ് സൂചന. ഇതോടെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപത്ത് നടന്ന കയ്യേറ്റ നീക്കത്തിന് സമാനമായി, ഈ പ്രദേശം ഉടന്‍ തന്നെ ബുള്‍ഡോസര്‍ നടപടിക്ക് സാക്ഷ്യം വഹിക്കുമെന്ന ആശങ്കകള്‍ ശക്തമായിരിക്കുകയാണ്.
തുര്‍ക്കുമാന്‍ ഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദിനോട് ചേര്‍ന്ന് വഖഫ് സ്വത്തുക്കളില്‍ സ്ഥിതി ചെയ്യുന്ന കമ്യുണിറ്റി സെന്റര്‍, ഡിസ്‌പെന്‍സറി അടക്കമുള്ളവ ഇടിച്ചുനിരത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അനുബന്ധ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
അതേസമയം, ജുമാ മസ്ജിദ് പരിസരത്തെ അനധികൃത കൈയേറ്റങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫര്‍ഹത് ഹസന്‍, മുഹമ്മദ് ശാഹിദ് ഖാന്‍, മുഹമ്മദ് ആസിഫ്, അബ്ദുല്‍ ആമിര്‍ തുടങ്ങി ജമാ മസ്ജിദ് പരിസരത്ത് തന്നെയുള്ളവര്‍ തുടങ്ങിവെച്ച നിയമനടപടിയാണ് ഇപ്പോള്‍ ബുള്‍ഡോസറിലേക്ക് നീങ്ങുന്നത്. ജുമാമസ്ജിദ് പരിസരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹേമന്ദ് ചൗധരി എന്ന അഭിഭാഷകന്‍ മുഖേന ഇവര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
മൗലാന ആസാദിന്റെ സ്മാരകത്തിന് സമീപം കയ്യേറ്റം വ്യാപകമാകുന്നു
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന അബുല്‍ കലാം ആസാദിന്റെ സ്മാരകത്തിന് സമീപമുള്ള സ്ഥിതി പ്രത്യേകിച്ച് ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. സ്മാരകത്തിന്റെ പരിസരം കയ്യേറ്റക്കാര്‍ കൈയടക്കിയിരിക്കുന്നു, ഇത് പൈതൃക സംരക്ഷണത്തില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ജുമാ മസ്ജിദിലേക്കുള്ള റോഡുകളില്‍, ഇരുവശത്തും നടുവിലും കച്ചവടക്കാര്‍ പ്രവര്‍ത്തിക്കുന്നു, ഇത് നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഗതാഗതത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ ഗതാഗതത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മാരകത്തിന്റെ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നും കോടതി വിശദീകരിച്ചു. സര്‍വേ പൂര്‍ത്തിയാക്കാനും എല്ലാ കയ്യേറ്റങ്ങളും വേഗത്തില്‍ നീക്കംചെയ്യാനും കോടതി എം.സി.ഡിയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഹരജിക്കാരുടെ വാദം
അനിയന്ത്രിതമായ വാണിജ്യ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകവും പൈതൃകവുമായ ശാഹി ജുമാ മസ്ജിദ് പ്രയാസം നേരിടുന്നുണ്ടെന്നാണ് ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്.
ഹരിതാഭമായിരുന്ന ജുമാ മസ്ജിദ് പരിസരം നിലവിലെ ഇമാം സയ്യിദ് അഹ്‌മദ് ബുഖാരിയും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേര്‍ന്ന് സ്വകാര്യ വീടുകളും കൃഷിയിടങ്ങളുമാക്കി മാറ്റി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ പൊതുജനങ്ങള്‍ക്കുള്ള പാര്‍ക്ക് ഇത്തരത്തില്‍ കൈയേറി. എന്നെല്ലാം ഹരജിയില്‍ ആരോപിക്കുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഭൂമി ഇത്തരത്തില്‍ വിട്ടുകൊടുത്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയുണ്ടെന്നും ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
ഇമാമും അദ്ദേഹത്തിന്റെ കൂട്ടാളികളും ജുമാ മസ്ജിദിനെ സ്വകാര്യ വരുമാന മാര്‍ഗമാക്കി മാറ്റിയെന്നും മതപരമായ പവിത്രത കളഞ്ഞുവെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. ശാഹി ഇമാമിന്റെ ഉടമസ്ഥതയിലുള്ള 'ഗുംബഡ് കഫെ' അത്തരത്തിലുള്ള ഒന്നാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജുമാ മസ്ജിദിന്റെ മൂന്ന്, അഞ്ച്, ഏഴ് ഗേറ്റുകള്‍ അനധികൃത പാര്‍ക്കിങ്ങിനായി കൊടുത്ത് ഇമാമും കുടുംബവും ലക്ഷങ്ങളുണ്ടാക്കുന്നുവെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.
അനധികൃത നിര്‍മാണമെന്നും കൈയേറ്റമെന്നും പറഞ്ഞ് അഭിഭാഷകന്‍ തന്റെ ഹരജിക്കൊപ്പം സമര്‍പ്പിച്ച ചിത്രങ്ങളില്‍നിന്ന് കോടതിക്ക് അഭിപ്രായം രൂപവത്കരിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് സര്‍വേ നടത്താന്‍ നിര്‍ദേശിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
തുര്‍ക്ക്മാന്‍ ഗേറ്റ്: പ്രതിഷേധിച്ചവരോട് പൊലിസ് കാട്ടിയത് വന്‍ ക്രൂരത
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദ് അനുബന്ധ കെട്ടിടങ്ങള്‍ക്കെതിരായ ബുള്‍ഡോസര്‍ രാജില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലിസ് കാട്ടിയത് വന്‍ ക്രൂരത. അര്‍ധരാത്രി നടന്ന സംഭവത്തില്‍ പ്രദേശത്തെ വീടുകള്‍ക്കുള്ളിലേക്ക് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വര്‍ഷിച്ച പൊലിസ്, ശ്വാസം മുട്ടി പുറത്തേക്കോടിയവരെ മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11.30ന് തന്നെ പൊലിസ് പ്രദേശത്തെ വൈദ്യതി വിച്ഛേദിച്ചിരുന്നു. പൊളിക്കല്‍ തുടങ്ങുംമുമ്പുതന്നെ പൊലിസ് പ്രദേശം അടച്ചു. ജനം പ്രതിഷേധിച്ചതോടെ പൊലിസ് ക്രൂരമായി മര്‍ദിക്കുകയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.
പൊലിസിന്റെ അതിക്രമത്തിനിടെ ഹാജ് മന്‍സില്‍ ലൈനിലൂടെ ഓടിയ തന്റെ ഇളയ മകനെ കാണാതായതായി ഷന്‍ബാരി ഖാത്തുന്‍ എന്ന 30കാരി പരാതിപ്പെട്ടു. തന്റെ മൂത്തമകനും വീടെത്തിയില്ലെന്നും അവര്‍ പറഞ്ഞു. പ്രദേശം ഇന്നലെയും പൊലിസ് അടച്ചിട്ടിരിക്കുകയാണ്.
പൊളിച്ചു നീക്കിയ മസ്ജിദിനോട് ചേര്‍ന്നുള്ള വിവാഹ ഹാളിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നത് തുടരുകയാണ്.
ഹൈക്കോടതിയെ സമീപിക്കുമെന്ന് പള്ളിക്കമ്മിറ്റി
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കിയിരുന്ന ഡിസ്പെന്‍സറിയും സൗജന്യമായി അടക്കം വിവാഹങ്ങള്‍ നടത്തിയിരുന്ന ഹാളുമാണ് പൊളിച്ചു നീക്കിയിരിക്കുന്നത്. ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് പള്ളിക്കമ്മിറ്റി വ്യക്തമാക്കി.
പൊളിക്കാനുളള കീഴ്ക്കോടതി ഉത്തരവിനെതിരായ പള്ളിക്കമ്മറ്റിയുടെ ഹരജിയില്‍ മുനിസിപ്പല്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടിസയക്കുകയും കേസ് ഏപ്രില്‍ 22ന് പരിഗണിക്കാനിരിക്കെയുമാണ് പൊളിക്കല്‍ നടത്തിയിരിക്കുന്നത്. ഇക്കാര്യം പള്ളിക്കമ്മറ്റി ഹൈക്കോടതിയെ അറിയിക്കും.
മുഈബുല്ല നദ്‌വി എം.പിക്ക് നോട്ടിസ്
കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സമാജ്വാദി പാര്‍ട്ടി എം.പിയും പാര്‍ലമെന്റ് സ്ട്രീറ്റ് പള്ളി ഇമാമുമായ മുഈബുല്ല നദ്്വിക്ക് ഡല്‍ഹി പൊലിസ് നോട്ടിസ് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകുന്നതിന് മുമ്പ് എം.പി അവിടെയുണ്ടായിരുന്നു. പൊലിസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം പ്രദേശം വിട്ടുപോകാന്‍ തയ്യാറായില്ല.
എന്നാല്‍, കല്ലേറ് നടന്ന സമയത്ത് എം.പി അവിടെ ഉണ്ടായിരുന്നില്ല. പ്രതിഷേധം ആസൂത്രിതമാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എം.പിയെ വിളിച്ചുവരുത്തുന്നത്. ബുധനാഴ്ച ഇന്നലെ അറസ്റ്റിലായ അഞ്ചു പേരെ രാത്രി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ നടക്കുമെന്ന് പൊലിസ് അറിയിച്ചു. മുപ്പതോളം പേരെയാണ് പൊലിസ് തെരയുന്നത്.
delhi high court has directed mcd to survey and remove illegal encroachments around jama masjid within two months, raising concerns of possible bulldozer action after turkman gate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."