മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി നിർണ്ണായക ഘട്ടത്തിലേക്ക്. പദ്ധതിക്കായി മൂന്നിടങ്ങളിലായി സ്ഥലം കണ്ടെത്തിയതായും ഇതിൽ മേപ്പാടി പഞ്ചായത്തിലെ മൂന്നേകാൽ ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ ജനുവരി 13-ന് പൂർത്തിയാക്കുമെന്നും ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അറിയിച്ചു. മേപ്പാടിയിലെ ഭൂമിയുടെ രജിസ്ട്രേഷൻ ഈ മാസം 13-ന് നടക്കും.
തോട്ടഭൂമി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോൺഗ്രസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥലം രജിസ്റ്റർ ചെയ്യുന്നതോടെ വീടുകളുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടൽ ഉടൻ നടക്കുമെന്നും ടി.ജെ. ഐസക് അറിയിച്ചു. ദുരന്ത ബാധിതർക്കായി 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്, ഇതിന് വേണ്ടി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറി.
ആദ്യഘട്ടത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് 130 വീടുകൾ നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലക്ഷ്യമിട്ട തുക സമാഹരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആകെ നൂറ് വീടുകൾ നിർമ്മിക്കാനാണ് സംയുക്തമായി തീരുമാനിച്ചത്. ഇതിലേക്കാണ് യൂത്ത് കോൺഗ്രസ് തങ്ങളുടെ വിഹിതമായ സമാഹരിച്ച 1.05 കോടി രൂപ കൈമാറിയത്.
പദ്ധതി വൈകുന്നു എന്നാരോപിച്ച് സർക്കാർ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ നടപടികൾ വേഗത്തിലാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. മേപ്പാടിയിലെ ഭൂമിക്ക് പുറമെ മറ്റ് രണ്ട് സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ എവിടെയാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
The Congress party's rehabilitation project for the victims of the Mundakkai-Chooralmala landslide has reached a major milestone. Wayanad DCC President T.J. Isaac announced that the registration of 3.25 acres of land in Meppadi Panchayat will take place on January 13. This site will host a portion of the 100 houses the party has committed to building for those who lost their homes in the disaster.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."