അറഫ ലോകമുസ്‌ലിം സംഗമം
ആഗോള മുസ്‌ലിംകളുടെ സംഗമമാണ് അറഫ. കറുത്തവനും വെളുത്തവനും സമ്പന്നനും പാമരനും അറബികളും അനറബികളും തോളോടുതോള്‍ ചേര്‍ന്നു നിന്നു തന്റെ നാഥന്റെ വിളിക്കുത്തരം നല്‍കി അവനിലേക്കു വീണ്ടും അലിഞ്ഞുചേരുന്ന അനര്‍ഘ നിമിഷങ്ങള്‍, ഹജ്ജിന്റെ പരമ പ്രധാനമായ കര്‍മം. അതാണു വിശുദ്ധ അറഫ. ലോകമുസ്‌ലിംകള്‍ക്ക് ആഘോഷത്തിനുള്ള രണ്ടു ദിവസങ്ങളില്‍ ഒരു ദിനത്തിന്റെ മുന്നോടിയുള്ള ദിനം. അറഫയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഹാജിമാരല്ലാത്ത വിശ്വാസികള്‍ സുന്നത്തു നോമ്പ് പിടിച്ചു തങ്ങളുടെ സഹകരണം കൂടി പങ്കുവയ്ക്കുന്ന ദിനം കൂടിയാണ് അറഫാ ദിനം.
ഇതു മാത്രമല്ല, ഇസ്‌ലാമികാധ്യാപനങ്ങള്‍ വിഭാവനം ചെയ്യുന്ന ആഗോള സാഹോദര്യത്തിന്റെ പ്രയോഗവല്‍ക്കരണം കൂടി അറഫാസംഗമത്തില്‍ ലോകം കാണുന്നു. വ്യത്യസ്ത ദേശങ്ങളില്‍നിന്ന്, നാടുകളില്‍നിന്ന്, രാജ്യങ്ങളില്‍നിന്ന്, ഭൂഖണ്ഡങ്ങളില്‍നിന്ന്, വിവിധ ഭാഷകളുമായി, വര്‍ണ വൈവിധ്യവുമായി, വ്യത്യസ്ത ജീവിത ശൈലികളുമായി എത്തിയ ലക്ഷോപലക്ഷങ്ങള്‍ക്കിടയില്‍ വിവേചനത്തിന്റെ മിന്നലാട്ടംപോലുമില്ല. എല്ലാവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുമിച്ചുകൂടിയവര്‍. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം, ഒരേ ആശയം, ഒരേ ഉച്ചാരണം, ഒരേ വേഷം, അറഫയുടെ ആകര്‍ഷണീയതയും മനോഹാരിതയുമാണത്. പരലോകത്തെ മഹ്ശറയെക്കൂടി ഓര്‍മിപ്പിക്കുന്നു അറഫാസംഗമം. പ്രപഞ്ചനാഥന്റെ തിരുസമക്ഷം ഭക്തിയോടെ നമ്രശിരസ്‌കരായി നില്‍ക്കാനേ ഇന്നും അന്നും വിശ്വാസികള്‍ക്കാവൂ.
ഭൂമിയില്‍ ആദ്യമായി അല്ലാഹു നിര്‍മിച്ച അവന്റെ ഭവനമായ വിശുദ്ധ കഅ്ബയുടെ പുനര്‍നിര്‍മാണ ശേഷം നാഥന്‍ ഇബ്‌റാഹീം നബിയോടു പറഞ്ഞു. 'ഓ ഇബ്‌റാഹീം ജനസഹസ്രത്തെ പുണ്യഗേഹത്തിലേക്കു ക്ഷണിച്ചു വിളംബരം ചെയ്യൂ.' അപ്പോള്‍ എങ്ങനെയാണ് നാഥാ മുഴുവന്‍ ആളുകളും എന്റെ വിളി കേള്‍ക്കുക എന്ന ഇബ്‌റാഹീം നബിയുടെ ചോദ്യം തികച്ചും ന്യായമായിരുന്നു. കാരണം മരുഭൂമിയാണെങ്കില്‍ വെറും മണല്‍ക്കാടുകളും മരുപ്പച്ചകളുമടങ്ങുന്ന വിജനമായ സ്ഥലം. ഇവിടെ നിന്നു വിളിച്ചാല്‍ ലോകത്തെ ജനങ്ങള്‍ എങ്ങനെ തന്റെ വിളി കേള്‍ക്കും. 'നിങ്ങള്‍ വിളിച്ചാല്‍ മതി. കേള്‍പ്പിക്കുന്നത് സര്‍വാധിനാഥനായ അല്ലാഹുവാണ്.' ഇതായിരുന്നു അവിടുന്ന് കിട്ടിയ ഉത്തരം. തുടര്‍ന്ന് ഇബ്‌റാഹീം(അ) വിളിച്ചു പറഞ്ഞു-'ജനങ്ങളേ, പുണ്യഗേഹത്തിലേക്കുള്ള തീര്‍ഥാടനം നിങ്ങളുടെ മേല്‍ ഐഛിക കര്‍മമാക്കപ്പെട്ടിരിക്കുന്നു'. തുടര്‍ന്ന് അല്ലാഹു പറഞ്ഞുവത്രേ ആകാശഭൂമികള്‍ക്കിടയിലുള്ള സകല ചരാചരങ്ങളും നിങ്ങളുടെ വിളിയാളം കേള്‍ക്കുകയും വിദൂരദിക്കുകളിലെ ജനങ്ങള്‍ പാരാവാരം കണക്കെ അങ്ങയുടെ സമീപത്തെത്തുകയും ചെയ്യും.'
ഇതിനുത്തരം നല്‍കിയാണ് അതിനു ശേഷം ലോക മുസ്‌ലിംകള്‍ വിശുദ്ധ അറഫയില്‍ സമ്മേളിക്കുന്നത്. ഈ ഒത്തുചേരലിനു ധാരാളം മാഹാത്മ്യവും പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ദിനത്തില്‍ ലോകനാഥന്‍ ഏറ്റവും താഴ്ന്ന ആകാശത്തിലേക്ക് ഇറങ്ങിവരും. എന്നിട്ടു ജനങ്ങളെ ചൂണ്ടി മലക്കുകളോടു സാഭിമാനം പറയും: 'ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിന്നു വിവിധ ഊടുവഴികളില്‍നിന്ന് എന്റെ അനുഗ്രഹവും കാരുണ്യവും പ്രതീക്ഷിച്ചു വന്ന എന്റെ അടിമകളാണിവര്‍. മണല്‍തരികളുടെ എണ്ണത്തോളം ദോഷങ്ങളുണ്ടെങ്കില്‍പോലും എന്റെ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കും.' അറഫാദിനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് മുഹമ്മദ് നബി സൂചിപ്പിച്ച വാക്കുകളാണിത്. നാഥനിലേക്കു വിശ്വാസികള്‍ അടുത്തു തങ്ങളുടെ പാപ പങ്കിലമായ ഹൃദയം ചേര്‍ത്തുവച്ചു വിതുമ്പുന്ന മനസും ഇടറുന്ന കണ്ഡങ്ങളുമായി ഇഴകി ചേരുമ്പോള്‍ പ്രസവിച്ച കുഞ്ഞു പോലെയാണ് ഇവിടെ നിന്നു തിരിച്ചുപോകുന്നത്.
ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും ദൈവ കാരുണ്യത്താല്‍ അന്നു പൊറുക്കപ്പെടുന്നു. അറഫാദിനത്തിലും ജനങ്ങള്‍ക്കുമുന്നില്‍ കൈനീട്ടി നടക്കുന്ന ഒരു യാചകനെ കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു ഖത്താബ് പറഞ്ഞത്രെ: 'ഏ മനുഷ്യാ, ഇന്ന് നീ അല്ലാഹുവിനോടല്ലാതെ ജനങ്ങളോടാണോ യാചിക്കുന്നത്?! കഷ്ടം.'
ദൂരങ്ങള്‍ താണ്ടി അങ്ങകലെ അറഫാഭൂമിയിലെത്തുന്ന ഹാജിമാരും വിശ്വാസദാര്‍ഢ്യത്താല്‍ സന്തപ്തമാകുന്ന ഇവിടെയിരിക്കുന്ന സമൂഹവും ആ ദിവസത്തിന്റെ ദൈവിക ദീപ്തിയില്‍ ഒന്നായിത്തീരുന്നു. കാല്‍ച്ചുവട്ടിലെ മരുഭൂമിയിലെ മണല്‍തരികളോളം ദോഷങ്ങള്‍ പേറി വന്ന ഹാജി അറഫയില്‍ പുതിയൊരു കുഞ്ഞായി പിറക്കുന്നു. വിതുമ്പുന്ന മനസുമായി ആ ദിനം കഴിക്കുന്നവര്‍ക്കു ജന്മത്തില്‍ ചെയ്ത തെറ്റുകളെ മായ്ച്ചുകളയാം.
ഇതേ അറഫയിലെ മനുഷ്യ സാഗരത്തെ നോക്കിയാണത്രെ പിശാച് ഏറ്റവും കൂടുതല്‍ വിഷണ്ണനാവുക. നബിതിരുമേനി പറഞ്ഞു: 'അറഫ ദിവസത്തെക്കാള്‍ പിശാച് നീചനും നിസാരനും നിന്ദ്യനുമാകുന്ന മറ്റൊരു ദിനമില്ല. അറഫയില്‍ സംഗമിക്കുന്നവര്‍ക്കുള്ള പ്രപഞ്ചനാഥന്റെ അനുഗ്രഹ വര്‍ഷവും, പാപമോക്ഷം നല്‍കിയുള്ള അവന്റെ കടാക്ഷവും കാണുമ്പോള്‍ സഹിക്കവയ്യാത്തതുകൊണ്ടാണത്.' അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലൊരാള്‍ ശപിക്കപ്പെട്ട പിശാചിനെ മനുഷ്യരൂപത്തില്‍ അറഫയില്‍ കണ്ടുവത്രെ. മെലിഞ്ഞ് വിളറി മഞ്ഞനിറം പ്രാപിച്ച ആകാരവും കണ്ണീര്‍ വാര്‍ന്നു ചീര്‍ത്ത കണ്ണും ശുഷ്‌കിച്ചു വീണ മുതുകുമായിരുന്നു അന്നവന്റെ രൂപം. ഇതുകണ്ട മഹാന്‍ പിശാചിനോടു ചോദിച്ചു: ഇത്ര കരയാന്‍ കാര്യമെന്താണ്? പിശാച്: ഭൗതിക താല്‍പര്യങ്ങളൊന്നുമേശാത്ത നിഷ്‌കളങ്കരായ തീര്‍ഥാടകരുടെ വരവ് എന്നെ തളര്‍ത്തി. അല്ലാഹു പാപഭാണ്ഡവുമായി തങ്ങളെ മടക്കി അയക്കരുതേയെന്ന അവരുടെ യാചന എന്നെ അലട്ടുന്നു. മഹാന്‍: ശരീരം ഇത്ര ശുഷ്‌കിച്ചതോ? പിശാച്: തീര്‍ഥാടകരുടെ കുതിരകളുടെ ശ്വാസനിശ്വാസങ്ങള്‍ കേള്‍ക്കാന്‍ വയ്യ. റബ്ബിന്റെ തൃപ്തി കിട്ടാനുള്ള ആര്‍ത്തി ഞാനവിടെ കണ്ടു. വീണ്ടും ചോദ്യമാവര്‍ത്തിച്ചു: ശരീരത്തിന്റെ നിറമാകെ മാറിയതോ? പിശാച്: ഹാജിമാരുടെ സഹകരണങ്ങളും ഒരുമയും തന്നെ. മഹാന്‍ വീണ്ടും: നിന്റെ മുതുകൊടിഞ്ഞതോ? പിശാച്: അന്ത്യം നന്നാക്കിത്തരണമേയെന്ന അടിമകളുടെ കരളലിയിപ്പിക്കുന്ന പ്രാര്‍ഥനയാണതിനു കാരണം.
തൂവെള്ള വസ്ത്രധാരയില്‍ ഒഴുകുന്ന അറഫ മറ്റൊരു ഓര്‍മകൂടി ലോകമുസ്‌ലിം മനസുകളില്‍ അയവിറക്കപ്പെടുന്നുണ്ട്. 14 നൂറ്റാണ്ടുകള്‍ക്കു മുന്‍പു ലക്ഷക്കണക്കിന് സ്വഹാബികളെ മുന്‍നിര്‍ത്തി പ്രവാചക തിരുമേനി ചെയ്ത മനുഷ്യാവകാശ പ്രഖ്യാപനമെന്നു ലോകം സാക്ഷ്യപ്പെടുത്തിയ മഹത്തായ പ്രഭാഷണത്തിന്റെ, ഇസ്‌ലാംമതത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഓര്‍മകള്‍ അലയടിച്ചെത്തുന്നു. ആ വാക്കുകള്‍ക്കു ചരിത്രത്തില്‍ മരണമില്ല. ആ അറഫാദിനം ഒരു വെള്ളിയാഴ്ച കൂടിയായിരുന്നു. വെള്ളിയാഴ്ചയിലെ പെരുന്നാള്‍ പെരുന്നാളിന്റെ പെരുന്നാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."