ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ
പുനലൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചൻകോവിൽ വാർഡിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി. യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ഗീതാ സുകുനാഥിനെതിരെ എതിർ സ്ഥാനാർഥിയായിരുന്ന സിപിഎമ്മിലെ ശ്രീജ ശ്രീകാന്താണ് പുനലൂർ മുൻസിഫ് കോടതിയെ സമീപിച്ചത്.
ഗീതാ സുകുനാഥ് വനം വകുപ്പുമായും ആര്യങ്കാവ് പഞ്ചായത്തുമായും നിലവിൽ കരാറുകളിൽ ഏർപ്പെട്ടിരിക്കെയാണ് മത്സരിച്ചതെന്നാണ് ആരോപണം ഉന്നയിക്കുന്നത്. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിലേർപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇത് ലംഘിച്ചാണ് ഗീത പത്രിക സമർപ്പിച്ചതെന്നാണ് എൽഡിഎഫിന്റെ വാദം.
വസ്തുതകൾ മറച്ചുവെച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സൂക്ഷ്മപരിശോധനാ വേളയിൽ എൽഡിഎഫ് ഏജന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കുകയായിരുന്നു. ഹരജി സ്വീകരിച്ച പുനലൂർ മുൻസിഫ് കോടതി ജഡ്ജി രേഷ്മ ആർ.എസ്. യുഡിഎഫ് കൗൺസിലർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
സമാനമായ കാരണത്താൽ നേരത്തെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. വാദിഭാഗത്തിന് വേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി.
the ldf candidate has approached the punalur munsiff court seeking to disqualify the election victory of udf candidate geetha sukunath in the achenkovil ward of aryankavu panchayat. the petition, filed by cpim’s sreeja sreekanth, alleges that sukunath violated the kerala panchayat raj act by contesting while holding active government contracts with the forest department and the local panchayat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."