മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന അഡ്വ. ഹസ്ക്കർ 'ഇടത് രാഷ്ട്രീയ നിരീക്ഷകൻ' എന്ന സ്ഥാനം ഒഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന്റെ പേരിൽ സി.പി.എം നേതൃത്വം ശാസിച്ചതിന് പിന്നാലെയാണ് നേതൃത്വത്തെ കടന്നാക്രമിച്ചും പരിഹസിച്ചും ഹസ്ക്കർ രംഗത്തെത്തിയത്. ഇനി മുതൽ താൻ ഒരു 'സ്വതന്ത്ര നിരീക്ഷകൻ' ആയിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
"വല്ലാതെ പേടിച്ചുപോയി"; പരിഹാസരൂപേണ ഫേസ്ബുക്ക് കുറിപ്പ്
പാർട്ടി നടപടിക്ക് പിന്നാലെ കടുത്ത പരിഹാസം നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹസ്ക്കർ തന്റെ തീരുമാനം അറിയിച്ചത്. പാർട്ടി ശാസിച്ചതോടെ താൻ വല്ലാതെ "പേടിച്ചുപോയെന്ന്" എല്ലാവരോടും പറഞ്ഞേക്കണമെന്ന് അദ്ദേഹം കുറിച്ചു. സർക്കാർ തനിക്ക് വലിയ ആനുകൂല്യങ്ങൾ നൽകിയിരുന്നു എന്ന തരത്തിലുള്ള സൈബർ വിചാരണകൾക്കും അദ്ദേഹം മറുപടി നൽകി.
സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ 'ഇടതു നിരീക്ഷകൻ' എന്ന പദവി ഞാൻ രാജി വച്ചിരിക്കുന്നു, ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചു. ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നിവയെ തിരിച്ചയച്ചു. ഔദ്യോഗിക വസതിയും ഒഴിഞ്ഞെന്ന്" ഹസ്ക്കർ പരിഹാസരൂപേണ കുറിച്ചു.
ഇടതുപക്ഷ പ്രതിനിധിയായി ഇനി ചർച്ചകളിൽ പങ്കെടുക്കില്ലെങ്കിലും രാഷ്ട്രീയ നിരീക്ഷണ രംഗത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചാനൽ ചർച്ചകളിൽ ചെലവഴിക്കുന്ന സമയം ഒരു രാഷ്ട്രീയ പ്രവർത്തനമായാണ് താൻ കാണുന്നത്. അതിനാൽ, ഇനി മുതൽ ഒരു 'സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകൻ' എന്ന നിലയിലാകും താൻ ജനങ്ങൾക്ക് മുന്നിലെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിയെ ഹസ്ക്കർ വിമർശിച്ചിരുന്നു. ഇത് പാർട്ടി നേതൃത്വത്തെ ചൊടിപ്പിക്കുകയും തുടർന്ന് അദ്ദേഹത്തോട് വിശദീകരണം തേടുകയും ശാസിക്കുകയും ചെയ്തു. പാർട്ടിയുടെ ഈ അച്ചടക്ക നടപടിയോടുള്ള പരസ്യമായ പ്രതിഷേധം കൂടിയാണ് ഹസ്ക്കറുടെ ഈ പുതിയ പ്രഖ്യാപനം.
Adv. Hasker, a regular participant in television news debates, has officially stepped down from his role as a 'Left Observer.' The decision follows a formal censure from the CPM leadership after he criticized Chief Minister Pinarayi Vijayan's style of functioning during a live debate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."