sabarimala gold robbery: ed moves with strong action; steps to seize assets worth 150 crores
HOME
DETAILS
MAL
ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം
ഗിരീഷ് കെ. നായർ
January 10, 2026 | 1:33 AM
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ശക്തമായ നടപടികളുമായി ഇ.ഡി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വ്യവസായിയെ എസ്.ഐ.ടി ചോദ്യംചെയ്‌തെങ്കിലും തുടർനടപടിയില്ലാതെ വിട്ടയക്കുകയായിരുന്നു.
സ്വർണക്കൊള്ളയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനിടെ 1,000 കോടിയുടെ പുരാതന വിഗ്രഹങ്ങളും മറ്റും കടത്തിയതായി വിവിധ മൊഴികളുണ്ടായിട്ടും നടപടികളുണ്ടായില്ല. എന്നാൽ, വിദേശബന്ധമടക്കം കണ്ടുപിടിക്കുന്നതിന് ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന തമിഴ്‌നാട്ടിലെ ഐഡൽ വിങ്ങും കേന്ദ്രസർക്കാരും ഈ വിഷയത്തിൽ വിദേശ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരുന്നതായാണ് സൂചന.
സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണം നടക്കുമ്പോൾ തന്നെ സമാന്തരമായി ഇ.ഡിയും അന്വേഷണം തുടങ്ങിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇ.ഡി ശേഖരിച്ചിരുന്നു. പ്രധാനമായും സ്വർണ-വിഗ്രഹക്കൊള്ളകളിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി കണ്ടെത്താൻ ശ്രമിക്കുന്നത്. കോടികളുടെ ഇടപാടുകൾ ഇതുമായി ബന്ധപ്പെട്ട് നടന്നതായാണ് വിവിധ മൊഴികളിൽ നിന്ന് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. മുൻ മന്ത്രിയുടെ മകന് രാജ്യാന്തര ബന്ധങ്ങളുള്ള ചെന്നൈയിലെ വ്യവസായിയുടെ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ലഭിച്ച പണം തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾ ഉപയോഗിച്ചതായും ഇ.ഡി സംശയിക്കുന്നു. ഈ കേസിൽ ഇ.ഡി 30ലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും അറിയുന്നു. ചെന്നൈ വ്യവസായിയുടെയും ബന്ധുക്കളുടെയും പേരിലുള്ള 150 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം നടത്തുന്നതായും വിവരമുണ്ട്.
തമിഴ്‌നാട് ഐഡൽ വിങ് ചെന്നൈ വ്യവസായിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 'നീല ഡയറി'യിൽ കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ മാസപ്പടിയുടെ (കൈക്കൂലി) കണക്കുകൾ ഉണ്ടായിരുന്നു. ഈ വിവരങ്ങൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ രാഷ്ട്രീയ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ചോദ്യംചെയ്യാൻ സാധിക്കും. ഇത് കേസിൽ വഴിത്തിരിവാകും.
ഇ.ഡി നടത്തിയ അന്വേഷണത്തിൽ ഹവാലയും ബിനാമി അക്കൗണ്ടുകളും കണ്ടെത്തിയതായാണ് സൂചന. വിദേശത്തെ ലേലശാലകളിൽ വിഗ്രഹങ്ങൾ വിറ്റുകിട്ടുന്ന പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്താറില്ല. അതിനായി അവർ ഉപയോഗിച്ച രീതികൾ ഇ.ഡി കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരത്തെയും എറണാകുളത്തെയും ചില റിയൽ എസ്റ്റേറ്റ് വ്യാപാരികളുടെ അക്കൗണ്ടുകളിൽ ഈ പണം എത്തിയതായും വിവരമുണ്ട്. ഇത്തരത്തിൽ പണം കൈപ്പറ്റുന്ന ചിലരെ ഇ.ഡി തിരിച്ചറിഞ്ഞതായാണ് വിവരം.
അന്വേഷണസംഘം ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുൻ മന്ത്രിയുടെ മകന്റെ സാമ്പത്തിക വളർച്ചയിലാണ്. ഈ കാലയളവിൽ ദുബൈയിലും കൊച്ചിയിലും മുൻ മന്ത്രിയുടെ കുടുംബം വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ മൂല്യം വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച തുകയുമായി ഒത്തുപോകുന്നതായി ഇ.ഡി കോടതിയെ അറിയിച്ചതായും വിവരമുണ്ട്. ചെന്നൈ വ്യവസായിയുടെ കമ്പനികളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ മുൻ മന്ത്രിയുടെ മകൻ ഇവിടെ രഹസ്യ നിക്ഷേപം നടത്തിയതിന്റെ രേഖകൾ കണ്ടെത്തിയതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."