മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!
കോഴിക്കോട്: വ്യജ ഓൺലൈൻ ആപ്പിൽ ട്രേഡിങ് നടത്തിയത് വഴി കോഴിക്കോട് രണ്ടുപേരിൽ നിന്ന് രണ്ടുകോടിയോളം രൂപ നഷ്ടമായതായി പരാതി. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. ഒരു കോടി 21 ലക്ഷം രൂപയാണ് ഇയാൾക്ക് വ്യാജ ട്രേഡിങിലൂടെ നഷ്ടമായത്. തോടന്നൂർ സ്വദേശിക്ക് 76 ലക്ഷം രൂപയും നഷ്ടമായി. കൊച്ചിയിൽ വിവിധ ആളുകളിൽ നിന്നായി ഈ വർഷം പിറന്നതിന് ശേഷം മാത്രം മൂന്ന് കോടി രൂപ നഷ്ടമായതായാണ് കണക്ക്.
കോഴിക്കോട് സ്വദേശികൾ വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിൽ പണം നിക്ഷേപിച്ചത് വഴിയാണ് പണം നഷ്ടമായത്. ഷെയർ ട്രേഡിങിലൂടെ വൻ തുക ലാഭം നേടാം എന്ന വാഗ്ദാനത്തിൽ വീണതാണ് ഇവർക്ക് വിനയായത്. ട്രേഡിങ് രാജ്യത്ത് നിയമവിധേയമായി നടക്കുന്നതാണെകിലും ഇതിന്റെ മറവിൽ വ്യാജ ആപ്പുകളിലും നിയമത്തെ വെട്ടിച്ച് കൂടുതൽ പണം നൽകാമെന്ന് പറഞ്ഞുവരുന്നതിലും വീഴുന്നതാണ് മലയാളികൾക്ക് പണം നഷ്ടമാകാൻ കാരണമാകുന്നത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടും വാട്സ് ആപ്പ്, ടെലിഗ്രാം ആപ്പുകളിലൂടെ ഉള്ള കോളുകൾ വഴിയുമാണ് തട്ടിപ്പുകാർ കോഴിക്കോട് സ്വദേശികളുടെ ബന്ധപ്പെട്ടിരുനത്ത് എന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ഇവർ നൽകിയ നിർദേശ പ്രകാരമാണ് ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിച്ചത്. ആദ്യം നടത്തിയ നിക്ഷേപങ്ങൾക്ക് ചെറിയ ലാഭവിഹിതം ലഭിച്ചിരുന്നു. ഇതോടെയാണ് കുടുതൽ ലാഭം പ്രതീക്ഷിച്ച് ഘട്ടം ഘട്ടമായി വൻതുകകൾ നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ഈ തുക പിൻവലിക്കാൻ പണം ആവശ്യപ്പെട്ടതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്.
പിന്നാലെ സൈബർ പൊലിസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കും മാറ്റപ്പെട്ടെന്നാണ് കരുതുന്നത്. കംബോഡിയ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വമ്പൻ മാഫിയ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അത്തോളി പൊലിസും, റൂറൽ സൈബർ പൊലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, കൊച്ചിയിൽ ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിങ് ആപ്പിലൂടെ 3 കോടിയോളം രൂപ നഷ്ടമായതായാണ് കണക്കാക്കുന്നത്. വിവിധ ആപ്പുകൾ വഴിയാണ് പണം തട്ടിപ്പ് നടക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ ആപ്പിന്റെ മറവിലും വ്യാപക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."