അലിഗഢ് സെന്ററുകളില്‍ സ്‌കൂളുകളും ഗവേഷണകേന്ദ്രങ്ങളും ആരംഭിച്ചേക്കും
ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം, മുര്‍ശിദാബാദ്, കിഷന്‍ഗഞ്ച് എന്നീ സെന്ററുകളില്‍ സ്‌കൂളുകളും മറ്റു ഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ആവശ്യമായ നിയമനിര്‍മാണത്തിനായി ഇടപെടുന്നതിന് അലിഗഢ് യൂനിവേഴ്‌സിറ്റി കോര്‍ട്ട് യോഗം തീരുമാനിച്ചു. പദ്ധതിക്ക് അലിഗഢ് നിയമം ഭേദഗതി ചെയ്യല്‍ അനിവാര്യമായതിനാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് സര്‍വകലാശാല ഔദ്യോഗികമായി ആവശ്യപ്പെടും. കേരളത്തില്‍ നിന്നുള്ള കോര്‍ട്ട് പ്രതിനിധികളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.എ ഇബ്രാഹീം ഹാജി എന്നിവര്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു വിഷയം ഗൗരവചര്‍ച്ചക്കെടുത്തത്. ഇതനുസരിച്ച് കോര്‍ട്ട് യോഗത്തിന്റെ അധ്യക്ഷപീഠത്തില്‍ നിന്നു വി.സി സമീറുദ്ദീന്‍ ഷാ ഇതുസംബന്ധിച്ച് സമര്‍പ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു.
അലിഗഢ് മസ്ജിദിന്റെ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ സ്‌കൂളുകളും ഗവേഷണകേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കാവൂ എന്ന് ബ്രിട്ടീഷുകാരുടെ കാലത്തെ വകുപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അലിഗഢിന്റെ കോമ്പൗണ്ടിന് പുറത്തേക്ക് അലിഗഢിന്റെ പ്രയോജനം ലഭിക്കരുതെന്ന ബ്രിട്ടീഷുകാരുടെ ദുരുദ്ദേശമായിരുന്നു നിയമത്തിനു പിന്നില്‍. പുതിയ നീക്കത്തോടെ ബ്രിട്ടീഷ് കാലത്തെ ഇത്തരം നിയമങ്ങള്‍ തിരുത്തപ്പെടണമെന്നും ഇ.ടിയും ഇബ്രാഹീം ഹാജിയും ആവശ്യപ്പെട്ടു. വകുപ്പ് ഭേദഗതി ചെയ്യുന്നത് ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക വഴിത്തിരിവാകും. അലിഗഢ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബിസിനസുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ അമീര്‍ ബാബു തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ.എ.എം പത്താന്‍, എം ആസിഫ് ഫാറൂഖി, നദീം സാരിം, പി.എ ഇനാംദാര്‍, ഡോ.സയ്യിദ് സഫര്‍ മഹ്മൂദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."