എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്
കോഴിക്കോട്: എസ്.ഐ.ആർ പരിശോധനക്കായി മുസ്‌ലിം ലീഗ് ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ പ്രത്യേക ജാഗ്രത ക്യാമ്പുകൾ സംഘടിപ്പിക്കും. പുറത്ത് വന്ന കരട് വോട്ടർ പട്ടിക സംബന്ധമായ വിശദമായ പരിശോധന നടത്താനാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രത്യേക ക്യാമ്പുകൾ നടത്തുന്നത്. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും തെരഞ്ഞെടുത്തത് കേന്ദ്രങ്ങളിലാണ് എസ്‌ഐആർ കരട് വോട്ടർ പട്ടിക പരിശോധന നടക്കുക.
ഓരോ ബൂത്തിലെയും പാർട്ടിയുടെ പ്രതിനിധികളും ബൂത്ത് ലെവൽ ഏജന്റുമാരും ചേർന്നായിരിക്കും എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധിക്കുക. വോട്ടർ പട്ടികയിൽ പേരില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞ യുവാക്കളെ പട്ടികയിൽ ചേർക്കാനും അനധികൃതമായി പട്ടികയിൽ കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ ക്യാമ്പ് നടക്കുക.
മുസ്‌ലിം ലീഗ് എംഎൽഎമാർ, ജനപ്രതിനിധികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല- മണ്ഡലം- പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ അവരരവരുടെ പഞ്ചായത്തുകളിലെ ജാഗ്രതാ പരിശോധന സദസിൽ പങ്കെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. ബൂത്ത്തല പ്രവർത്തനങ്ങൾ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ അതീവ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് വോട്ടർ പട്ടികയെ നോക്കി കാണുന്നത്. തദ്ദേശ തലത്തിലെ നേതാക്കൾ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കണമെന്നും വോട്ടർ പട്ടിക പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ട ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പികാവൂ എന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."