മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്
മനാമ: ബഹ്‌റൈനില്‍ മധുരപാനീയങ്ങള്‍ക്ക് പഞ്ചസാരയുടെ അളവ് കണക്കാക്കി എക്‌സൈസ് നികുതി ഏര്‍പ്പെടുത്താനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രാജ്യത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറപ്പെടുവിച്ച രാജകീയ ഉത്തരവിനെ തുടര്‍ന്നാണ് ഈ നീക്കം.
പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും നിലവിലുള്ള 100 ശതമാനം നികുതിയില്‍ മാറ്റമുണ്ടാകില്ല. എക്‌സൈസ് നികുതിയുടെ ചുമതല ധനമന്ത്രാലയത്തില്‍ നിന്ന് നാഷണല്‍ ബ്യൂറോ ഫോര്‍ റെവന്യൂവിലേക്ക് (NBR) മാറ്റാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലുള്ള ധാരണ പ്രകാരം കൂടുതല്‍ ഉല്‍പ്പന്നങ്ങളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയ്ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. നിലവില്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തികനിയമകാര്യ സമിതി ഈ കരട് നിയമം പരിശോധിച്ചു വരികയാണ്.
പുതിയ നികുതി നിരക്കുകള്‍
പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്:
* നികുതിയില്ലാത്തവ: 100 മില്ലി ലിറ്ററില്‍ 5 ഗ്രാമില്‍ താഴെ പഞ്ചസാരയുള്ള പാനീയങ്ങള്‍ക്കും, കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്ന 'ഷുഗര്‍ ഫ്രീ' പാനീയങ്ങള്‍ക്കും നികുതിയില്ല.
* കുറഞ്ഞ നികുതി: 100 മില്ലി ലിറ്ററില്‍ 5 ഗ്രാം മുതല്‍ 7.099 ഗ്രാം വരെ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് ലിറ്ററിന് 0.079 ബഹ്‌റൈന്‍ ദിനാര്‍ നികുതി ചുമത്തും.
* ഉയര്‍ന്ന നികുതി: 100 മില്ലി ലിറ്ററില്‍ 8 ഗ്രാമോ അതില്‍ കൂടുതലോ പഞ്ചസാരയുള്ള പാനീയങ്ങള്‍ക്ക് ലിറ്ററിന് 0.109 ദിനാര്‍ നികുതി നല്‍കണം.
English Summary: The Bahraini Parliament is reviewing a new legislative amendment to impose excise taxes on sugar-sweetened beverages based on their sugar content per 100ml. While sugar-free drinks remain exempt, beverages with higher sugar levels will face tiered taxation, aiming to promote healthier lifestyle choices across the kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."