മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ
പാലക്കാട്: മാറാട് കലാപ പരാമർശ വിവാദവുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ താൻ ജയിലിൽ പോയാൽ ഖുർആൻ പരിഭാഷ വായിച്ച് തീർക്കുമെന്നും താനൊരു ഈമാനുള്ള കമ്യൂണിസ്റ്റാണെന്നും അവകാശപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ. വാർത്ത സമ്മേളനത്തിനിടെയാണ് ബാലന്റെ പരാമർശം. ഖുർആൻ പരിഭാഷ ഉയർത്തി കാണിച്ചാണ് ബാലൻ പ്രതികരണം നടത്തിയത്. ജമാഅത്തെ ഇസ്‌ലാമിയാണ് ബാലനെതിരെ മാനനഷ്ടക്കേസ് നൽകിയത്.
ഖുർആൻ എനിക്കിഷ്ടപ്പെട്ട മതഗ്രന്ഥമാണ്. ഹൈക്കൽ എഴുതിയ ഖുർആൻ ഇംഗ്ലീഷ് പരിഭാഷയുടെ മലയാള തർജമ ആർത്തിയോടെ വായിച്ചയാളാണ് ഞാൻ. തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ തന്നെ ശിക്ഷിച്ച് ജയിലാക്കുകയാണെങ്കിൽ ആദ്യം ചെയ്യുക ഖുർആൻ പരിഭാഷ വായിച്ചുതീർക്കുക എന്നതായിരിക്കും. ഞാനൊരു കപട വിശ്വാസിയല്ല, തൊഴിലാളി വർഗത്തോട് കൂറുള്ള വിശ്വാസിയാണ്, ഈമാനുള്ള ഒരു കമ്യൂണിസ്റ്റാണ്. എന്റെ ജീവിതത്തിൽ കാപട്യമില്ല- ബാലൻ വ്യക്തമാക്കി.
ലീഗുകാർ തൻ്റെ പേര് റോഡിന് നൽകിയിട്ടുണ്ട്. തൻ്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാറുണ്ട്. ഇസ്‌ലാമിക പ്രഭാഷണം കേട്ടവനാണ് ഞാൻ. മുസ്‌ലിംകൾക്കിടയിൽ ജീവിച്ചവനാണെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾക്ക് ഏറെ സ്വാധീനമുള്ള നാദാപുരത്ത് വികസനം നടത്തിയെന്നും താനൊരു മുസ്‌ലിം വിരുദ്ധനാണെന്ന് ചിത്രീകരിക്കുമ്പോൾ ഈ ചരിത്രം ഓർക്കണമെന്നും എ.കെ ബാലൻ പറഞ്ഞു.
അതേസമയം, മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ബാലൻ ഉറച്ചു നിന്നു. ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസ് തനിക്ക് കിട്ടിയെന്നും എന്നാൽ മാപ്പ് പറയാൻ മനസില്ലെന്നും ബാലൻ വ്യക്തമാക്കി. സിപിഎമ്മിനെയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ വക്കീൽ നോട്ടീസ് എന്നും ബാലൻ അവകാശപ്പെട്ടു. പത്ത് പൈസ തന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് കരുതേണ്ട, ജമാഅത്തെ ഇസ്‌ലാമിക്ക് ദാരിദ്ര്യം ആണെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി താൻ പറഞ്ഞുകൊടുക്കാം എന്നും ബാലൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."