ബലിപെരുന്നാളും ഓണവും ഒരുമിച്ചെത്തി; പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം
മനാമ: ബലിപെരുന്നാളും തിരുവോണവും ഒരുമിച്ചെത്തിയതിന്റെ ഇരട്ടി സന്തോഷത്തോടെയാണ് പ്രവാസലോകത്ത് ഇത്തവണ ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇരു ആഘോഷങ്ങള്‍ക്കും അവധി ലഭിക്കുന്നുവെന്നതും അത് തൊട്ടടുത്ത ദിവസങ്ങളിലാണ് എന്നതുമാണ് പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് ഇത്തവണ ഇരട്ടി മധുരം പകരുന്നത്.
കേരളത്തോടൊപ്പം ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം ബലിപെരുന്നാള്‍ തിങ്കളാഴ്ചയാണ്. അതുകൊണ്ടു തന്നെ ഇത്തവണ വാരാന്ത അവധിദിനങ്ങളോട് ചേര്‍ന്ന് ഒരാഴ്ചയോളം നീളുന്ന ഈദ് അവധി ദിനങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ലഭ്യമാകുന്നത്. ഇവിടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം കഴിഞ്ഞ ദിവസം മുതല്‍ അവധി ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഈദിനോടനുബന്ധിച്ച മൂന്നു ദിനങ്ങളിലാണ് അവധി.
തിങ്കളാഴ്ച മുതല്‍ അവധി ലഭിക്കുന്നുവെന്നതിനാല്‍ പതിവിനു വിപരീതമായി ഇത്തവണ കേരളത്തോടൊപ്പം തന്നെ പ്രവാസികള്‍ക്കും ബലിപെരുന്നാളും തിരുവോണവും ആഘോഷിക്കാന്‍ കഴിയും. തങ്ങളെല്ലാം ഇതിനുള്ള ഒരുക്കത്തിലാണെന്ന് മലയാളി പ്രവാസികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
ബലിപെരുന്നാളിനുള്ള ഒരുക്കങ്ങള്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈ മാസാരംഭം മുതല്‍ തുടങ്ങിയിരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് വൈവിധ്യമാര്‍ന്ന ഈദ് പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗള്‍ഫില്‍ ഇത്തവണ പൊതുവേ ശാന്തമായ അന്തരീക്ഷമാണ് എന്നതും ചൂട് കുറഞ്ഞു വരുന്നുവെന്നതും ആഘോഷ പരിപാടികളെ സജീവമാക്കും. കൂടാതെ മിക്ക ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളും പ്രത്യേക ഈദ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലും വൈവിധ്യമാര്‍ന്ന ഈദ് -ഓണം ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളും ഷോപ്പിങ് മാളുകളും ദിവസങ്ങള്‍ക്കു മുന്‍പേ ബലിപെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ രാജ്യത്തെ വിവിധ പ്രവാസി സംഘടനകളും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെയും വിവിധ ഏരിയ കമ്മിറ്റികളുടെയും കീഴില്‍ ജിദ്ഹഫ്‌സില്‍ ഈദ് മുസ്വല്ല, ഈദ് മുലാഖാത്ത്, ഉദ്ഹിയത്ത് കര്‍മം, ഈദ് മെഹ്ഫില്‍,സംഗമങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഇതര മുസ്‌ലിം സംഘടനകളുടെ പ്രവാസി ഘടകങ്ങളും വിവിധ കൂട്ടായ്മകളും വൈവിധ്യമാര്‍ന്ന ഈദ് പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി നാട്ടില്‍നിന്നു പ്രമുഖര്‍ എത്തുന്നുമുണ്ട്.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന് കീഴിലുള്ള ഓണാഘോഷപരിപാടികള്‍ക്ക് ഒരാഴ്ച മുന്‍പേ തുടക്കമായെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചത്. ബഹ്‌റൈനിലെ സീറോ മലബാര്‍ സൊസൈറ്റി, എസ്.എന്‍.സി.എസ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലും വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."