ഒടുവിൽ വഴങ്ങി മന്ത്രി; കലോത്സവ വേദിയുടെ പേരുകളിൽ 'താമര'യെ ഉൾപ്പെടുത്തിയെന്ന് വി ശിവൻകുട്ടി
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വേദികൾക്ക് പൂക്കളുടെ പേര് നൽകിയതിൽ നിന്ന് ബിജെപി ചിഹ്നമായ 'താമര'യെ ഒഴിവാക്കിയതിൽ നിന്ന് മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി. 15-ാമത്തെ വേദിയ്ക്ക് താമര എന്ന് പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 'താമര' ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡാലിയ എന്ന മുന്നേ നിശ്ചയിച്ച പേര് മാറ്റിയാണ് താമരയെ ഉൾപ്പെടുത്തിയത്.
താമര ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും പേര് നൽകാതിരുന്നത് എന്നായിരുന്നു താമരയെ ഒഴിവാക്കിയതിന് കാരണമായി മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ നിന്ന് മാറിയാണ് മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ഉണ്ടായത്. കലോത്സവം നന്നായി നടത്തി എല്ലാവരുമായി സഹകരിച്ച് പോകാനാണ് ആഗ്രഹമെന്നാണ് പേരുമാറ്റം വിശദീകരിച്ച് മന്ത്രി ഇന്ന് പറഞ്ഞത്. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ലെന്നും താമര വിവാദം ആക്കേണ്ട കാര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത്. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല എന്നും കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു. താമരയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. തൃശൂർ ടൗൺഹാളിൽ കലോത്സവവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ യോഗം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു.
രാഷ്ട്രീയപാർട്ടിയുടെ ചിഹ്നമെന്ന് ഇന്നലെ പറഞ്ഞ മന്ത്രി ഇന്ന് വഴക്കിന് ഇല്ലെന്നും, സഹകരിച്ച് പോകാനാണ് താൽപര്യമെന്നും കാണിച്ചാണ് താമരയുടെ പേര് വേദിക്ക് നൽകിയത്. സൂര്യകാന്തി, ശംഖുപുഷ്പം, നീലക്കുറിഞ്ഞി, പവിഴമല്ലി, ചെമ്പരത്തി, തുമ്പപ്പൂ തുടങ്ങി 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."