ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി
വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, വിഷയത്തിൽ വ്യക്തത വരുത്തി നൊബേൽ കമ്മിറ്റി രംഗത്തെത്തി. പുരസ്കാരം മറ്റൊരാൾക്ക് കൈമാറാനോ പങ്കിടാനോ ചട്ടപ്രകാരം കഴിയില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി അറിയിച്ചു.
ഒരിക്കൽ പ്രഖ്യാപിച്ച നൊബേൽ സമ്മാനം റദ്ദാക്കാനോ, പങ്കിടാനോ, മറ്റൊരു വ്യക്തിക്ക് കൈമാറാനോ സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ തീരുമാനം അന്തിമമാണെന്നും അതിൽ മാറ്റം വരുത്താൻ ചട്ടങ്ങളില്ലെന്നും കമ്മിറ്റി വിശദീകരിച്ചു. മച്ചാഡോയുടെ പുരസ്കാര വാഗ്ദാനം സംബന്ധിച്ച് ട്രംപ് അടുത്ത ആഴ്ച ചർച്ച നടത്താനിരിക്കെയാണ് ഈ ഔദ്യോഗിക പ്രതികരണം.
രാഷ്ട്രീയ പശ്ചാത്തലം
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം നാടകീയമായി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മച്ചാഡോയുടെ ഈ നീക്കം. മഡുറോയുടെ അറസ്റ്റിന് വഴിയൊരുക്കിയതും ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയതും ട്രംപാണെന്നത് കണക്കിലെടുത്താണ് മച്ചാഡോ തന്റെ പുരസ്കാരം ട്രംപിന് നൽകുമെന്ന് അറിയിച്ചത്. മച്ചാഡോ അടുത്ത ആഴ്ച അമേരിക്ക സന്ദർശിക്കുമ്പോൾ ഈ വിഷയം ഗൗരവമായി ആലോചിക്കുമെന്ന് ട്രംപും പ്രതികരിച്ചിരുന്നു.
ട്രംപിന്റെ നൊബേൽ മോഹവും അവകാശവാദങ്ങളും
താൻ സമാധാന നൊബേലിന് അർഹനാണെന്ന് ട്രംപ് മുൻപും പലതവണ അവകാശപ്പെട്ടിട്ടുണ്ട്.രണ്ടാം തവണ അധികാരമേറ്റ് എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു എന്നാണ് ട്രംപിന്റെ വാദിക്കുന്നത്.
2009-ൽ അധികാരമേറ്റയുടനെ ബരാക് ഒബാമയ്ക്ക് നൊബേൽ സമ്മാനം നൽകിയതിനെ ട്രംപ് അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. ഒബാമയ്ക്ക് ലഭിക്കാമെങ്കിൽ തനിക്ക് എന്തുകൊണ്ട് ലഭിച്ചുകൂടാ എന്ന നിലപാടാണ് ട്രംപ് ഇപ്പോൾ ഉയർത്തുന്നത്.
നിലവിൽ നിക്കോളാസ് മഡുറോ അമേരിക്കൻ കസ്റ്റഡിയിൽ വിചാരണ നേരിടുകയാണ്. മഡുറോയ്ക്ക് ശേഷം മച്ചാഡോ അധികാരം ഏറ്റെടുക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, നിലവിൽ ഡെൽസി റോഡ്രിഗസാണ് വെനിസ്വേലയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."