ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ
വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനിൽ വിലക്കയറ്റത്തെ തുടർന്നുള്ള പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ഇറാൻ സർക്കാരിനെതിരേ പ്രകോപനം തുടർന്ന് അമേരിക്ക. ഇറാനിൽ സൈനികനടപടി ആസന്നമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പശ്ചിമേഷ്യയിലെ സൈനിക നീക്കം വിലയിരുത്തി. ഗൾഫ് മേഖലയിലടക്കം യു.എസിന് സൈനിക താവളങ്ങളുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ട്രംപ് സൈനിക നേതൃത്വവുമായി കൂടിയാലോചന നടത്തി. ഇതിനുപിന്നാലെ ഇസ്‌റാഈലും കാബിനറ്റ് യോഗം ചേർന്ന് ഇറാനിലെ കാര്യങ്ങൾ വിലയിരുത്തി.
ഇറാനിലെ സ്ഥിതിഗതികൾ ഇസ്‌റാഈൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിന് ആദ്യം പിന്തുണ നൽകിയത് ഇസ്‌റാഈലാണ്. പിന്നാലെ അമേരിക്കയും പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ആക്രമിച്ചാൽ ഇസ്‌റാഈലിന്റെയും യു.എസിന്റെയും സൈനിക, സാമ്പത്തിക മേഖലകൾ കേന്ദ്രീകരിച്ച് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അറിയിച്ചു. ഇറാൻ ജനത സ്വാതന്ത്ര്യം ആഗ്രഹിച്ചാൽ സഹായിക്കാൻ യു.എസ് തയാറാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇറാനിൽ കലാപം അഴിച്ചുവിട്ടത് അമേരിക്കയും ഇസ്‌റാഈലുമാണെന്ന് ഇറാൻ പ്രസിഡന്റ് ഇന്നലെയും ആവർത്തിച്ചു. പൊതുമുതൽ നശിപ്പിക്കുന്ന പ്രക്ഷോഭകർക്കെതിരേ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാൻ നാലു ഭാഗത്തു നിന്നും ശത്രുക്കളെ നേരിടേണ്ടിവരുന്നുവെന്ന് പാർലമെന്റ് സ്പീക്കർ ഖാലിബാഫ് പറഞ്ഞു.
ഏതുനിമിഷവും രാജ്യം പാശ്ചാത്യ ആക്രമണം നേരിടേണ്ടിവരുമെന്ന് പാർലമെന്റ് സെഷനിടെ സ്പീക്കർ സൂചിപ്പിച്ചു. ഇസ്‌റാഈലും യു.എസുമാണ് ഇറാനെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ പ്രകോപന പ്രസ്താവന തുടരുകയുമാണ്. കളിക്കാൻ നിൽക്കരുതെന്ന് ഇറാനോട് യു.എസ് സ്‌റ്റേറ്റ് ഡിപാർട്‌മെന്റ് പറഞ്ഞു. ഇറാനിൽ പ്രക്ഷോഭകർ കൊല്ലപ്പെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. പ്രക്ഷോഭം പലയിടത്തും സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിൽ നേരിട്ട ഏറ്റുമുട്ടലിലേക്ക് നയിച്ചു. പ്രക്ഷോഭകരെ ദേശീയ താൽപര്യം മുൻനിർത്തി നേരിടുന്നതിന് മറ്റു സൈനിക വിഭാഗങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു.
ഇന്നലെ വരെ ഇറാനിൽ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 203 ആയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പൊലിസ് വെടിയുതിർത്തതായും നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രക്ഷോഭകർ പറയുന്നു. രണ്ടു ദിവസത്തിനിടെ 100 ലേറെ മൃതദേഹങ്ങൾ ആശുപത്രികളിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."