ചൊവ്വാഴ്ചയല്ല, ടിക്കറ്റ് നിരക്ക് കുറവ് ഈ ദിവസം; യുഎഇ പ്രവാസികൾക്ക് യാത്ര ലാഭകരമാക്കാൻ ഇതാ ചില സ്കൈസ്‌കാനർ ടിപ്‌സ്
അബൂദബി: വിദേശയാത്രകൾ പ്ലാൻ ചെയ്യുന്ന യുഎഇ നിവാസികൾക്ക് ആശ്വാസകരമായ വാർത്തയുമായി പ്രമുഖ ആഗോള യാത്രാ ആപ്പായ സ്കൈസ്‌കാനർ. യുഎഇയിൽ നിന്നുള്ള വിമാനയാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കുന്നത് ശനിയാഴ്ചകളിലാണെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ഭൂരിഭാഗം യാത്രക്കാരും ചൊവ്വ, ബുധൻ ദിവസങ്ങളാണ് ലാഭകരമെന്ന് വിശ്വസിക്കുമ്പോഴാണ്, യഥാർത്ഥ കണക്കുകൾ ശനിയാഴ്ചയെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന ദിവസമായി അടയാളപ്പെടുത്തുന്നത്.
ഏറ്റവും ലാഭകരമായ ലക്ഷ്യസ്ഥാനങ്ങൾ: ഇന്ത്യൻ നഗരങ്ങൾ മുന്നിൽ
2026-ലെ യാത്രാ ട്രെൻഡുകൾ പരിശോധിക്കുമ്പോൾ, ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഈ കണക്കുകൾ.
മുംബൈ: ശരാശരി റിട്ടേൺ നിരക്ക് വെറും 795 ദിർഹം.
കോഴിക്കോട്: 937 ദിർഹം.
കേരളത്തിലെ മറ്റ് നഗരങ്ങൾ: തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലേക്കും മംഗലാപുരത്തേക്കും 1,000 മുതൽ 1,100 ദിർഹം വരെയാണ് ശരാശരി റിട്ടേൺ നിരക്ക്.
ഇന്ത്യക്ക് പുറമെ ഇസ്താംബൂൾ (1,100 ദിർഹം), കെയ്‌റോ, ധാക്ക (1,300 ദിർഹം), മനില (1,691 ദിർഹം) എന്നിവയും ചെലവ് കുറഞ്ഞ പത്ത് ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.
യുഎഇ നിവാസികളിൽ 96 ശതമാനം പേരും 2026-ൽ വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്നവരാണ്. ഇതിൽ 69 ശതമാനം പേരും ഇതിനകം ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. എന്നാൽ, 64 ശതമാനം യാത്രക്കാരും കൃത്യമായ തീയതി തീരുമാനിക്കാതെ, നിരക്കുകൾ കുറയുന്ന സാഹചര്യം നോക്കി യാത്ര ചെയ്യാൻ കാത്തിരിക്കുന്നവരാണ്. പകുതിയോളം യാത്രക്കാർ അന്താരാഷ്ട്ര യാത്രാ ചെലവ് വർദ്ധിക്കുന്നതിൽ ആശങ്കാകുലരാണെന്നും സർവേ സൂചിപ്പിക്കുന്നു.
യാത്രക്കാർക്ക് ഓരോ മാസവും ഏറ്റവും കുറഞ്ഞ നിരക്കിൽ സന്ദർശിക്കാവുന്ന നഗരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ 'ചീപ്പ് ഡെസ്റ്റിനേഷൻ പ്ലാനർ' സ്‌കൈസ്‌കാനർ പുറത്തിറക്കി. ഏറ്റവും മികച്ച ഡീലുകൾ ലഭിക്കാൻ ജനുവരി മാസത്തിൽ തന്നെ പ്ലാനിംഗ് ആരംഭിക്കുന്നത് ഗുണകരമാകുമെന്ന് കമ്പനി നിർദ്ദേശിക്കുന്നു.
മാരിയറ്റ് ബോൺവോയിയുടെ (Marriott Bonvoy) റിപ്പോർട്ട് പ്രകാരം, യുഎഇയിലെയും സഊദിയിലെയും 80 ശതമാനം യാത്രക്കാരും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ അവധി ദിവസങ്ങൾ ചെലവഴിക്കാൻ പദ്ധതിയിടുന്നു. ഒരു യാത്രയിൽ തന്നെ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാനാണ് നാലിൽ മൂന്ന് പേരും താല്പര്യപ്പെടുന്നത്. ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, തുർക്കി എന്നിവയാണ് യുഎഇ നിവാസികളുടെ പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനങ്ങൾ.
skyscanner reveals that cheaper flight tickets are often available on specific days other than tuesday helping uae expats plan smarter travel reduce costs and maximize savings by choosing the right booking time based on data driven insights and evolving airfare trends
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."