ചെറുമകന് ചോറ് കൊടുത്ത് മടങ്ങവേ തിരക്കേറിയ റോഡിൽ വെച്ച് 55-കാരിയെ വടിവാൾ കൊണ്ട് വെട്ടിക്കൊന്നു
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ മാദനായകനഹള്ളിക്ക് സമീപം കുദുരുഗെരെ ഗ്രാമത്തിൽ തിരക്കേറിയ റോഡിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. 55 വയസ്സുള്ള ദ്രാക്ഷായിണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജനങ്ങൾ നോക്കിനിൽക്കെയാണ് അക്രമി ക്രൂരമായ ആക്രമണം.
കൊലപാതകം നടന്നത് ഇങ്ങനെ
ചെറുമകൻ്റെ സ്കൂളിൽ ഉച്ചഭക്ഷണം നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദ്രാക്ഷായിണി. ഈ സമയം ബൈക്കിലെത്തിയ അക്രമി ഇവരെ തടഞ്ഞുനിർത്തുകയും കൈയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയുമായിരുന്നു. റോഡിൽ രക്തം വാർന്നു കിടന്ന ദ്രാക്ഷായിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം അക്രമി ആയുധം മൃതദേഹത്തിന് സമീപം ഉപേക്ഷിച്ച് ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു.
പിന്നിൽ കുടുംബതർക്കമെന്ന് സംശയം
കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച ദ്രാക്ഷായിണിയുടെ ഒരു അടുത്ത ബന്ധു തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കുടുംബത്തിനുള്ളിലെ ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പൊലിസ് നടപടി:
ഡിസിപി പ്രകാശ് ഗൗഡ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലിസ് അറിയിച്ചു.
പട്ടാപ്പകൽ തിരക്കേറിയ വഴിയിൽ നടന്ന അക്രമം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തിയും രോഷവും സൃഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."