പ്രസിഡന്റിന്റെ വാർഡിലെ കിണറിൽ 'സിപിഎം' എന്നെഴുതിയ ഗ്രിൽ: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം; പ്രതിഷേധവുമായി യുഡിഎഫ്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പൊതു കിണറിന് മുകളിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലിൽ പാർട്ടി പേര് ആലേഖനം ചെയ്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുൽ അക്ബറിന്റെ വാർഡിലെ കിണറിലാണ് 'സിപിഎം' എന്ന് എഴുതിയത്. ഇതിനെതിരെ യുഡിഎഫ് രംഗത്തെത്തിയതോടെ പഞ്ചായത്ത് കൗൺസിൽ യോഗത്തിൽ വലിയ ബഹളവും വാക്കൗട്ടും അരങ്ങേറി.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ പൊതു കിണറിന്റെ സുരക്ഷയ്ക്കായി കഴിഞ്ഞ ദിവസമാണ് ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചത്. സി.പി.എം പ്രവർത്തകർ മുൻകൈ എടുത്താണ് ഗ്രിൽ നിർമ്മിച്ചതെങ്കിലും, ഒരു പൊതു സംവിധാനത്തിന് മുകളിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് പതിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് യുഡിഎഫ് ആരോപിച്ചു. കുടിവെള്ളത്തിൽ പോലും രാഷ്ട്രീയം കലർത്താനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ ഈ വിഷയം വലിയ തർക്കത്തിന് വഴിവെച്ചു. ഗ്രിൽ സ്ഥാപിച്ച ശേഷം അതിന് അനുമതി തേടിക്കൊണ്ട് അജണ്ട കൗൺസിലിൽ വെച്ചതാണ് യുഡിഎഫ് അംഗങ്ങളെ ചൊടിപ്പിച്ചത്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച ശേഷം അത് നിയമവിധേയമാക്കാൻ കൗൺസിലിനെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിഷേധം ശക്തമായതോടെ യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുഡിഎഫ് നേതൃത്വം പഞ്ചായത്ത് സെക്രട്ടറിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. സർക്കാർ ഫണ്ടോ പഞ്ചായത്ത് സംവിധാനങ്ങളോ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഇത്തരം രാഷ്ട്രീയ പ്രദർശനങ്ങൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.
political controversy erupted in karassery panchayat, mukkam, after the name 'cpm' was found inscribed on an iron grill installed over a public well. the well is located in the ward of panchayat president v.p. abdul akbar. the udf opposition strongly protested the move, accusing the ruling front of illegally branding a public utility with a political party's name.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."