ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ശേഷം ആളിപ്പടരുന്ന തീയുമായി പ്രസ് ജീവനക്കാരിയെ കടന്നുപിടിച്ചു, യുവതിക്ക് ഗുരുതരമായ പൊള്ളൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിനുള്ളിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി വിനു ആണ് ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കാട്ടാക്കട ജങ്ഷന് സമീപമുള്ള സ്ഥാപനത്തിലായിരുന്നു സംഭവം.
നടന്നത് ആസൂത്രിതമായ നീക്കം
രാവിലെ കൈയിൽ പെട്രോൾ കുപ്പിയുമായാണ് വിനു സ്ഥാപനത്തിലെത്തിയത്. തുടർന്ന് ജീവനക്കാരിയുമായി തർക്കത്തിലേർപ്പെടുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. പെട്ടെന്ന് കുപ്പിയിലുണ്ടായിരുന്ന പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആളിപ്പടരുന്ന തീയുമായി വിനു ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെയാണ് അവർക്കും പൊള്ളലേറ്റത്.
പ്രസ് ജീവനക്കാരിയുടെ മുഖത്തും കൈകൾക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേഹമാസകലം പൊള്ളലേറ്റ വിനു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പിന്നിൽ വ്യക്തിപരമായ തർക്കം
വിനുവും പ്രസ് ജീവനക്കാരിയും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ തർക്കങ്ങളാണ് ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുറച്ചു നാളുകളായി ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവസ്ഥലത്ത് കാട്ടാക്കട പൊലിസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."