വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്
അബൂദബി: വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് അബൂദബി പൊലിസ്. ഡ്രൈവർമാരുടെ ശ്രദ്ധ തിരിയുന്നതാണ് റോഡിലെ കൂട്ടിയിടികൾക്ക് പ്രധാന കാരണമെന്ന് വ്യക്തമാക്കിയ പൊലിസ്, സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് പൊലിസ് മുന്നറിയിപ്പ് നൽകിയത്. ഫോൺ ഉപയോഗം ഡ്രൈവറുടെ പ്രതികരണ ശേഷി കുറയ്ക്കുകയും റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇന്റർനെറ്റ് ബ്രൗസിംഗ്, സോഷ്യൽ മീഡിയ ഉപയോഗം, ഫോട്ടോ എടുക്കൽ, ഫോൺ കോളുകൾ എന്നിവ റോഡിലെ ശ്രദ്ധ തിരിക്കുകയും വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നതിനും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനും കാരണമാകുന്നുവെന്ന് മേജർ ഖാലിദ് ഒബൈദ് അൽ ദഹേരി പറഞ്ഞു.
വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ മറ്റ് തരത്തിൽ ശ്രദ്ധ തിരിക്കുന്നതോ ആയ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ രാജ്യത്തെ ഗതാഗത നിയമപ്രകാരം കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിച്ചു പോരുന്നത്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 800 ദിർഹം (ഏകദേശം 18,000-ത്തിന് മുകളിൽ ഇന്ത്യൻ രൂപ) പിഴ ചുമത്തുന്നതിനൊപ്പം അവരുടെ ഡ്രൈവിംഗ് ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകൾ കൂടി രേഖപ്പെടുത്തും.
മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം റോഡ് അടയാളങ്ങൾ, കാൽനടയാത്രക്കാർ, ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ എന്നിവയിൽ പൂർണ്ണ ശ്രദ്ധ നൽകണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഗതാഗതക്കുരുക്കുകളിൽ പെട്ടെന്ന് വാഹനം നിർത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിതുറക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
abu dhabi police have launched a strong awareness campaign sharing accident videos to warn drivers against using mobile phones while driving authorities stress heavy penalties risks to life and the importance of responsible driving to prevent serious road accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."