സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും
തൃശൂർ: സ്കൂൾ കലോത്സവനഗരിയിലേക്കുള്ള 117.5 പവൻ്റെ സ്വർണക്കപ്പ് ഇന്നെത്തും. ഇന്നലെ ചാലക്കുടിയിലെ ആദ്യ സ്വീകരണത്തിനു ശേഷം വൈകീട്ട് വടക്കാഞ്ചേരിയിൽ സമാപിച്ച സ്വർണക്കപ്പ് ഘോഷയാത്ര ഇന്നു രാവിലെ 9ന് പുനരാരംഭിക്കും. വൈകീട്ട് 3 ന് പൂരനഗരിയിലെ ഒന്നാംനമ്പർ വേദിയായ സൂര്യകാന്തിയിലെത്തും. പൂമാലയിട്ടും കൈയടിച്ചും കുട്ടികൾ കപ്പിനു വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണത്തിൽ ആയിരങ്ങൾ അണിനിരന്നു. ഒപ്പം കലോത്സവത്തിൻ്റെ ആവേശവും തിരതല്ലി.
ചാലക്കുടി ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്വർണക്കപ്പ് ഘോഷയാത്രക്കുള്ള ജില്ലയിലെ ആദ്യ സ്വീകരണ ചടങ്ങ് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി. ചാലക്കുടി സൗത്ത് സർവിസ് റോഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, സ്‌കൗട്ട്സ്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് സ്‌കൂൾ പരിസരത്ത് എത്തിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ പി.എം. ബാലകൃഷ്ണൻ, ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അതിനിടെ ഇൻഡോർ സ്‌റ്റേഡിയത്തിൽ സജ്ജമാക്കുന്ന പാചകപ്പുരയുടെ അടുപ്പിൽ ഇന്നു വൈകീട്ട് മൂന്നിന് പഴയിടം മോഹനൻ നമ്പൂതിരി തീ പകരും. ഇന്നലെ മുതൽ ഊട്ടുപുരയിലെ കലവറ സജീവമാണ്. പാചകത്തിനുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും എത്തിത്തുടങ്ങി. ഒരുസമയം 5000 പേർക്കു വരെ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള പാചകശാലയാണ് ഒരുക്കുന്നത്. ബുധനാഴ്ച രാവിലെ തയാറാക്കുന്ന പ്രഭാത ഭക്ഷണത്തിൽ നവധാന്യ ദോശയാണ് സ്‌പെഷൽ ഐറ്റം. ഉച്ചയ്ക്ക് കാൽലക്ഷം പേർക്കു വരെ ഭക്ഷണം വിളമ്പാനുള്ള സജ്ജീകരണമുണ്ട്. എല്ലാദിവസവും പായസമുണ്ടാകും. 600 പേരാണ് ഊട്ടുപുരയിൽ സദാ സേവനത്തിനുണ്ടാകുക. ഇതിൽ അധ്യാപകരും എൻ.സി.സി കേഡറ്റുകളുമുണ്ടാകും. സമാപനദിവസം മടങ്ങുന്ന ടീമുകൾക്കു ഭക്ഷണം പാഴ്‌സലായി കൊടുത്തുവിടും.
the 117.5-pavan gold cup for the kerala school kalotsavam will arrive today at thrissur. gold cup procession that concluded at wadakkanchery will resume at 9 am today. it will reach the first venue, sooryakanthi, at pooranagari at 3 pm.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."