അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്
അബൂദബി: യു.എ.ഇയിൽ തണുപ്പ് ശക്തമാകുന്നുവെന്നും അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. പലയിടങ്ങളിലും കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്നലെ രാവിലെ 9.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃത അന്തരീക്ഷമായിരിക്കും. വടക്കൻ-കിഴക്കൻ മേഖലകളിലും ദ്വീപുകളിലും താഴ്ന്ന നിലയിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ 24 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോൾ, കുറഞ്ഞ താപനില 15 മുതൽ 18 ഡിഗ്രി വരെയായിരിക്കും. എന്നാൽ, പർവത മേഖലയായ ജബൽ ജെയ്‌സിൽ തണുപ്പ് 5 ഡിഗ്രിയിലേക്ക് വരെ താഴുമെന്നാണ് പ്രവചനം. രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയും തീര-ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് വർധിക്കും. ഇത് മൂടൽ മഞ്ഞിന് കാരണമായേക്കാം. നിലവിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ പരമാവധി 55 കിലോ മീറ്റർ വരെയായി വർധിക്കാൻ സാധ്യതയുണ്ട്. ഇതോടെ കടൽ പ്രക്ഷുബ്ധമാകാനും പൊടിപടലങ്ങൾ ഉയരുന്നത് മൂലം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ വടക്കു-പടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ക്ഷോഭം രൂക്ഷമായേക്കാം. ശൈത്യം കടുക്കുന്ന സാഹചര്യത്തിൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുലർച്ചെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
Residents across the UAE may want to keep their woollens handy as the second half of January is set to bring a sharp dip in temperatures — one that many will feel almost overnight
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."