രണ്ടു മിനിക്കഥകള്‍
മാതൃഭാഷ
ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നു നിബന്ധനയുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ആ സ്‌കൂളിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥി അബദ്ധത്തില്‍ മലയാളം പറഞ്ഞുപോയി. അതു കേള്‍ക്കാനിടയായ ഒരധ്യാപകന്‍ ആ കുട്ടിയെ ശിക്ഷിക്കാന്‍ വേണ്ടി ഓടിയടുത്തു.
ഓട്ടത്തിനിടയില്‍ അയാള്‍ പടിയില്‍ നിന്നു വീണു. പെട്ടെന്നായിരുന്നു ഒരു ശബ്ദം. ''അയ്യോ ന്റെ അമ്മേ...'' അതായിരുന്നു അവിടത്തെ മാതൃഭാഷ.
മൗനം
ഒരിക്കല്‍ ഒരു ഗുരു ഏകാന്തചിത്തനായി ധ്യാനത്തിലായിരുന്നു. തണലും തണുപ്പുമുള്ള കാനന അന്തരീക്ഷത്തിലെ പര്‍ണശാലയില്‍ കണ്ണടച്ചിരിക്കുകയായിരുന്ന ആ ഗുരുവിന്റെ അടുത്തു മറ്റൊരാള്‍ വന്നു. ആഗതന്റെ സാമീപ്യം മനസിലാക്കിയ ഗുരു മെല്ലെ കണ്ണുകള്‍ തുറന്നു. ഗുരു അയാളുടെ ഉദ്ദേശ്യം തിരക്കി.
ആഗതന്‍: ഗുരോ, എനിക്കു മറ്റൊരാളെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്.
ഗുരു: താങ്കള്‍ പറയാനുദ്ദേശിക്കുന്ന കാര്യം ഞാന്‍ കേട്ടാല്‍ എനിക്ക് അതുകൊണ്ടു വല്ല ഗുണവുമുണ്ടോ?
ആഗതന്‍: ഇല്ല ഗുരോ, അങ്ങേക്കതു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടെന്നു തോന്നുന്നില്ല.
ഗുരു: എന്നാല്‍ താങ്കള്‍ ആരെക്കുറിച്ചാണോ പറയാനുദ്ദേശിക്കുന്നത്, അയാള്‍ക്ക് അതുകൊണ്ടു വല്ല ഗുണവുമുണ്ടോ?
ആഗതന്‍: അയാള്‍ക്കും അതുകൊണ്ടു ഗുണമുണ്ടെന്നു തോന്നുന്നില്ല.
ഗുരു: എന്നാല്‍ താങ്കള്‍ക്ക് അതുകൊണ്ടു വല്ല ഗുണവുമുണ്ടോ?
ആഗതന്‍: ഇല്ല ഗുരോ, എനിക്കും അതുകൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ല.
ഗുരു: എങ്കില്‍ മിണ്ടാതിരിക്കുന്നതാണ് എല്ലാവര്‍ക്കും ഗുണം കെട്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."