കാരക്ക മണമുള്ള പെരുന്നാള്‍
എന്റെ പെരുന്നാളുകള്‍ക്കൊക്കെ കാരക്കയുടെ മണമാണ്. വര്‍ഷങ്ങളോളം ഞാന്‍ കുടിച്ചു തീര്‍ത്ത ജലം മരുഭൂമിയുടേതാണ്. സംസംപോലെ പരിശുദ്ധിയുള്ളത്. പതിവായി ഞാന്‍ കാണുന്ന കണി ഈന്തപ്പനയും ഒട്ടകവുമാണ്. എന്റെ ജീവിതം മരുഭൂമിയില്‍ പടര്‍ന്നുകിടക്കുന്നു. മണല്‍, ജലം, കാലം അടയാളപ്പെടുത്തുമ്പോള്‍ നാട്ടില്‍ ഞാന്‍ വളരെ ചെറിയവനാണ്.
വളരെ ചെറുപ്പത്തിലേ നാടുവിട്ടുപോയ ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ഡിസംബറില്‍ തിരിച്ചെത്തുംവരെ നാട്ടിലെ ഒരാഘോഷവും എനിക്കറിയില്ലല്ലോ. ഒന്നിനും എനിക്കു കൂടാന്‍ കഴിഞ്ഞില്ലല്ലോ. കഴിഞ്ഞ ചെറിയ പെരുന്നാളായിരുന്നു നാട്ടിലെ ആദ്യത്തെ പെരുന്നാള്‍ എന്നുവേണമെങ്കില്‍ പറയാം. 40 കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ കിട്ടിയ ആദ്യത്തെ ആഘോഷം.
പെരുന്നാളിലേക്കും ആഘോഷങ്ങളിലേക്കും പോകുമ്പോള്‍ ഞാനെന്നും ആദ്യം ഓര്‍ക്കുന്നത് ഒരു പെരുന്നാള്‍ തല്ലാണ്. അതിന്റെ ചൂടാണ്. വേദനയാണ്. അതെ, ഓണത്തല്ലുപോലെ ഒരു പെരുന്നാള്‍ തല്ല്. ഓണത്തല്ല് ഓണത്തിന്റെ ഭാഗമായുള്ള വിനോദമാണെങ്കില്‍ പെരുന്നാള്‍ത്തല്ല് അങ്ങനെയല്ല. പറയുമ്പോള്‍ സംഭവം വളരെ നിസാരം.
ഞങ്ങളുടെ പ്രദേശത്ത് അന്ന് കാസര്‍കോടുവരെ ചെറിയ പെരുന്നാളായിരുന്നു. ഈദുല്‍ഫിത്തര്‍. അതിനപ്പുറത്ത് മാസപ്പിറവി കാണാത്തതിന്റെ പേരില്‍ നോമ്പും. നിലാവിന്റെ അടിസ്ഥാനത്തില്‍ മഹല്ലിലെ ഖത്തീബിന്റെ തീരുമാനം. അക്കൊല്ലം മാത്രമല്ല, പല പെരുന്നാളും ഇങ്ങനെ രണ്ടായി ഭാഗംവയ്ക്കുന്നു. തെക്കും വടക്കും രണ്ടു പെരുന്നാളാക്കി. ഇവിടെ നോമ്പ് 29 ആണെങ്കില്‍ അവിടെ 30 ആയിരിക്കും. പെരുന്നാള്‍ രണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ ആഘോഷത്തിനു ഭംഗംവരുന്നു. ആഹ്ലാദത്തിനു മങ്ങലേല്‍ക്കുന്നു. അങ്ങനെയാണു പെരുന്നാള്‍ ദിവസം എനിക്കും എന്റെ കൂട്ടുകാര്‍ക്കും കാസര്‍കോടിനപ്പുറത്തുള്ള ഉപ്പളയില്‍ വച്ചു നല്ല നാടന്‍ തല്ലു കൊള്ളേണ്ടിവന്നത്.
ഞങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പുതുപുത്തന്‍ കുപ്പായവും തുണിയുമുടുത്ത്, അത്തറ് പുരട്ടി മംഗലാപുരത്തേക്കു വണ്ടികയറി. ഒരു പാസഞ്ചര്‍ വണ്ടിയാണ്. പതുക്കെ ഓടുന്ന കല്‍ക്കരിവണ്ടി. പതുക്കെവണ്ടി കിതച്ചും കൂകിയും ഞങ്ങളെയുംകൊണ്ട് സകല സ്റ്റേഷനിലും നിന്നു. ഞങ്ങള്‍ എല്ലാ സ്റ്റേഷനിലും ഇറങ്ങിയും കയറിയും വണ്ടിയോടൊപ്പം സഞ്ചരിച്ചു. ഓര്‍ക്കുമ്പോള്‍ അന്നു കണ്ട കാഴ്ചകള്‍ക്കൊക്കെ എന്തൊരു നിറം. കുട്ടിക്കാലത്തിന്റെ ആസ്വാദനത്തിന്, കുസൃതിത്തരത്തിനു പെരുന്നാളും കാഴ്ചകളും ഇരട്ടി മധുരമാണ്. വളരുമ്പോള്‍, വളര്‍ന്നപ്പോള്‍ നഷ്ടപ്പെടുന്ന ബാല്യകൗമാര കുട്ടിത്തരങ്ങള്‍. കൗതുകങ്ങള്‍. എന്തിനായിരുന്നു ഇത്ര പെട്ടെന്ന് ഞാന്‍ വളര്‍ന്നത്? വയസായിപ്പോയത് ?
'കണ്ണിമാങ്ങ പെറുക്കും കാലം
കണ്ണീരിന്‍വില എന്തറിഞ്ഞുനാം,
ചവച്ചൊതുക്കിയ ചവര്‍പ്പുനീരുകള്‍
ചിരട്ടയില്‍ തുപ്പി മണ്ണിട്ട കാലം...'
ഞാനെന്റെ കുട്ടിക്കാലത്തിലേക്കു പോട്ടെ. എന്റെ മഴക്കാലത്തിലേക്ക്, കുടയിലേക്ക്. എല്ലാം തിരിച്ചു മോഹിക്കുന്ന ആയുസിന്റെ നനഞ്ഞുകുതിര്‍ന്ന ബലിദാനം.
പതുക്കെ വണ്ടി ഇപ്പോള്‍ ഉപ്പള സ്റ്റേഷനിലാണ്. ഞങ്ങള്‍ തീവണ്ടിയാപ്പീസില്‍നിന്നു കടല മിഠായിയും ഐസും വാങ്ങി മധുരം നുകരുകയായിരുന്നു. അതാ, പിന്നില്‍നിന്ന് ഒരാള്‍ കോളറിനു പിടിക്കുന്നു. പിന്നെ ഒന്നും പറയാനില്ല. അടികൊണ്ടതിനു ശേഷമാണു ഞങ്ങള്‍ക്ക് അടിയുടെ അര്‍ഥം, പ്രാസം, അതിപ്രാസം പൂര്‍ണമായത്. ഞങ്ങള്‍ക്കു പെരുന്നാളാണെങ്കില്‍ അന്നവിടത്തെ ജനങ്ങള്‍ക്കു നോമ്പായിരുന്നു. അപ്പുറം പെരുന്നാളിന്റെ പൂത്തിരി. ഇപ്പുറം നോമ്പിന്റെ പരിശുദ്ധി. ഇതിനിടയില്‍ ഞങ്ങള്‍ക്ക് അടിയുടെ കമ്പക്കെട്ട്.
ഓര്‍ക്കുമ്പോള്‍ കഴിഞ്ഞുപോയ പെരുന്നാളൊക്കെ ഒരു സംഭവംതന്നെയാണ്. ഇതൊക്കെ നാടുവിടുന്നതിനു മുന്‍പ്. എന്നാല്‍ നാടുവിട്ടതിനു ശേഷമോ? സത്യം, എനിക്കെന്റെ പ്രവാസ കാലത്തിനിടയില്‍ നാട്ടില്‍ ഒരു പെരുന്നാളും കിട്ടിയില്ല. ഒരു ആഘോഷവും കിട്ടിയില്ല. സ്വന്തം കല്യാണമല്ലാതെ. കുടുംബവുമൊത്ത് ഗള്‍ഫില്‍ ജീവിക്കുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കാരണം, എന്റെ തൊഴില്‍മേഖല അത്യാഹിത വിഭാഗത്തിലായിരുന്നു. എമര്‍ജന്‍സി സെക്ഷനില്‍. മറ്റുള്ളവര്‍ക്ക് നോമ്പിനു ജോലി കുറവാണെങ്കില്‍ ഞങ്ങള്‍ക്ക് അതു കൂടുതലാണ്. ജനസേവനം. പെരുന്നാള്‍ ദിവസം ഭരണാധികാരിയുടെ കാവല്‍ക്കാരനു നിസ്‌കാരം നിര്‍ബന്ധമില്ല. ഒരു കാവല്‍ക്കാരനും ഡ്യൂട്ടിയില്‍ നിസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഇതു മരുഭൂമിയുടെ നിയമമായിരിക്കാം. എനിക്കറിയില്ല. ഒരുപക്ഷേ പണ്ഡിതന്മാര്‍ക്ക് ഇതിനെക്കുറിച്ചു വ്യാഖ്യാനങ്ങള്‍ ഉണ്ടാകാം. ആ സമയം തന്റെ യജമാനനെ കാക്കുന്നതാണ് അവന്റെ ഇബാദത്തെന്ന്.
മണല്‍, ഞാന്‍ കഴിക്കുന്ന ചോറിന്റെ ചരിത്രമാണ്. എക്കാലത്തും ഞാനാ മണ്ണിനോടു കടപ്പെട്ടവനാണ്. ഞാന്‍ മാത്രമല്ല, നാടുവിട്ട പരശ്ശതം പ്രവാസികള്‍. ഞങ്ങളുടെ കഠിനാധ്വാനം, ഏകാന്തത, വീര്‍പ്പുമുട്ടല്‍, വിരസത മറ്റാരോടും പറയാനാകാത്തതാണ്. ഓരോ കുടിലും മാളികയാകുമ്പോള്‍, ഓരോ മണ്‍വിളക്കും പ്രകാശമാനമാകുമ്പോള്‍ അതിനു പിന്നിലെ ഞങ്ങളെ നിങ്ങള്‍ അറിയാതെ പോകുന്നുണ്ട്. സാരമില്ല. ഇരുട്ടില്ലെങ്കില്‍ പിന്നെന്തു മിന്നാമിനുങ്ങ്? പ്രകാശം?
ഒരു പെരുന്നാള്‍ കാലത്തായിരുന്നു ഭാര്യക്ക് അസുഖം വന്നത്. ഉടനെ നാട്ടിലേക്കു പോകണം. എമര്‍ജന്‍സിയാണ്. ഓപറേഷന്‍ വേണ്ടിവരും. അന്നു വലിയ പെരുന്നാള്‍ ആയിരുന്നു. നിശ്ചയിച്ച പ്രകാരം തലേന്നുതന്നെ ഓപറേഷന്‍ നടന്നു. പിറ്റേന്നു പെരുന്നാളാണ്. വലിയ പെരുന്നാള്‍. ഭാര്യ ഐ.സി.യുവില്‍ അബോധാവസ്ഥയില്‍. വീട്ടില്‍നിന്നു കൊണ്ടുവന്ന പെരുന്നാള്‍ ചോറ് തുറന്നുനോക്കാതെ ഞാന്‍ ആശുപത്രി വാര്‍ഡില്‍. ഡെറ്റോളിന്റെയും മരുന്നിന്റെയും മണം. അങ്ങനെ നാട്ടില്‍ കിട്ടിയ ആ പെരുന്നാള്‍ ആശുപത്രിയില്‍ വലിയ രോഗിയായി. ചിലപ്പോള്‍ ഓര്‍ക്കുമ്പോള്‍, ഇപ്പോഴും പെരുന്നാള്‍ എനിക്ക് ആശുപത്രി മണക്കും. ഞാന്‍ കരയും.
ചെറിയ പെരുന്നാളും വലിയ പെരുന്നാളും തമ്മില്‍ രണ്ടുമാസത്തെ ദൂരമേയുള്ളൂ. ഞാന്‍ ഭാര്യയോടു പറയും. കൊല്ലത്തില്‍ ആകെ രണ്ടു പെരുന്നാളാണ്. അതാണെങ്കില്‍ രണ്ടും വളരെ അടുത്തടുത്തും. കഴിഞ്ഞ പെരുന്നാളിനു വാങ്ങിയ ഡ്രസിന്റെ കടം ഇതുവരെ കൊടുത്തിട്ടില്ല. ഇതാ രണ്ടാമത്തെ പെരുന്നാളും വന്നെത്തി. പെരുന്നാളുകള്‍ തമ്മില്‍ ഒരു ആറു മാസത്തെ ഇടവേളയെങ്കിലും കിട്ടിയിരുന്നെങ്കില്‍...!
പുറമെ ഞങ്ങള്‍ പ്രവാസികള്‍ ധനികരാണെങ്കിലും അകമെ പലരും വലിയ ദരിദ്രരാണ്. എന്നിട്ടും നിങ്ങള്‍ പറയുന്നു, നാട്ടിലെ സകല സാധനങ്ങള്‍ക്കും ഞങ്ങളാണു വില കൂട്ടിയതെന്ന്. എല്ലാം കേട്ടുകേള്‍വികളാണ്. എല്ലാ കേള്‍വികളും ഞങ്ങളുടെ അവകാശമാണ്. ഞങ്ങള്‍ പരദേശികളുടെ ജീവിതാഭിലാഷം.
ഇതാ, കാരക്ക മണമുള്ള മറ്റൊരു പെരുന്നാള്‍ കൂടി. മരുഭൂമിവാസത്തിനു ശേഷം നാട്ടില്‍ കിട്ടുന്ന എന്റെ ആദ്യത്തെ വലിയ പെരുന്നാള്‍. ഞാന്‍ കേള്‍ക്കുന്നു, മണലാരണ്യത്തിലെ ഈദ്ഗാഹില്‍നിന്ന് തക്ബീറിന്റെ ധ്വനികള്‍. നാട്ടുമ്പുറത്തെ പള്ളി മിനാരത്തില്‍നിന്ന് അതിന്റെ ഈരടികള്‍.'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍...'
ഈദിനെന്തൊരു ഭംഗി
ഊദിന്റെ മണമാണതിന്.
മൈലാഞ്ചി ചോപ്പുണ്ടല്ലോ
മാരന്റെ ചേലുമുണ്ടല്ലോ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."