'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ' നായ്‌സ്‌നേഹികളോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: തെരുവ് നായ വിഷയത്തില്‍ രൂക്ഷ പരാമര്‍ശവുമായി വീണ്ടും സുപ്രിം കോടതി. തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം നടക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍
ഉണ്ടാകുന്ന പരിക്കുകള്‍ക്കും മരണത്തിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നവര്‍ക്കും മേല്‍ ബാധ്യത ചുമത്താമെന്നും ചൊവ്വാഴ്ച നടന്ന വാദത്തിനിടെ സുപ്രിം കോടതി നിരീക്ഷിച്ചു.
തെരുവ് നായകളെക്കുറിച്ച് ആശങ്കയുള്ളവര്‍ അവയെ 'അലഞ്ഞുതിരിയാനും കടിക്കാനും പൊതുജനങ്ങളെ ഭയപ്പെടുത്താനും' അനുവദിക്കുന്നതിനുപകരം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകണമെന്നും കോടതി ചൂണ്ടിക്കാട്ടി. തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ആണ് പരിഗണിക്കുന്നത്.
നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളോ പ്രായമായവരോ മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍, സംസ്ഥാനം വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കോടതി ഓര്‍മിപ്പിച്ചു.
'മാത്രമല്ല നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നുവെന്ന് പറയുന്നവര്‍ക്കെതിരെയും ബാധ്യതയും ഉത്തരവാദിത്തവും ഞങ്ങള്‍ നിശ്ചയിക്കും. അങ്ങനെ ചെയ്യൂ, അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകൂ. നായ്ക്കളെ എന്തിനാണ് ആളുകളെ ഭയപ്പെടുത്തി, കടിച്ചുകീറി അലഞ്ഞുനടക്കാന്‍ വിടുന്നത്?' വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.
'ഒമ്പത് വയസ്സുള്ള കുട്ടിയെ നായ്ക്കള്‍ അക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദികളാകേണ്ടത്? അവയ്ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ? പ്രശ്‌നത്തിന് നേരെ നമ്മള്‍ കണ്ണടയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു,' ജസ്റ്റിസ് മേത്ത രൂക്ഷമായി പ്രതികരിച്ചു.
'തെരുവ് നായ ആരെയെങ്കിലും അക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? തെരുവ് നായകളെ ആരും കൈവശം വെക്കരുത്. നിങ്ങള്‍ക്ക് വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് എടുക്കുക,' ജസ്റ്റിസ് മേത്ത പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പാസാക്കിയ ഉത്തരവ് പാലിച്ചിട്ടുണ്ടോ എന്നതും ബെഞ്ച് നിരീക്ഷിച്ചു. എ.ബി.സി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രിം കോടതി എല്ലാ സംസ്ഥാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കാമ്പസുകള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ ഉത്തരവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എബിസി നിയമങ്ങള്‍ അനുസരിച്ച് ആ നായ്ക്കളെ വാക്‌സിനേഷന്‍/വന്ധ്യംകരണം നടത്തണമെന്നും അവയെ എടുത്ത അതേ സ്ഥലത്ത് തന്നെ വിടരുതെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
തെരുവുനായ് വിഷയത്തില്‍ യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്നും നേരത്തെ സുപ്രിം കോടതി നായ്‌സ്‌നേഹികളോട് നിര്‍ദേശിച്ചിരുന്നു. ജോര്‍ജിയയിലും അര്‍മേനിയയിലുമൊക്കെ ആളുകളെ കടിച്ച നായ്ക്കള്‍ക്ക് കളര്‍-കോഡഡ് കോളര്‍ ഇടുന്ന പതിവുണ്ടെന്നും അക്രമണകാരികളായ നായ്ക്കകളെ വേര്‍തിരിച്ചറിയാന്‍ ഇവിടെയും ഇത്തരം സംവിധാനം വേണമെന്ന ഹരജി പരിഗണിച്ചപ്പോഴായിരുന്നു പരാമര്‍ശം. ആ രാജ്യങ്ങളിലെ ജനസംഖ്യ എത്രയാണെന്ന് അറിയാമോ എന്നും യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്നുമാണ് അഭിഭാഷകനോട് കോടതി വ്യക്തമാക്കിയത്.
തെരുവുനായ്ക്കളെ ഇല്ലാതാക്കിയാല്‍ എലികള്‍ പെരുകുമെന്നും സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയ മൃഗസ്‌നേഹികളോട്, കൂടുതല്‍ പൂച്ചകളെ വളര്‍ത്തി അത് പരിഹരിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
the supreme court has strongly criticised authorities and dog feeders over stray dog attacks, warning of liability for injuries and deaths and slamming states for failing to implement abc rules.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."