ആദ്യ ദുരന്ത ലഘൂകരണ പദ്ധതിരേഖയ്ക്ക് അംഗീകാരം
തിരുവനന്തപുരം: കേരളം ആദ്യമായി ദുരന്തലഘൂകരണ പദ്ധതിരേഖ തയ്യാറാക്കി. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതിരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2007ല്‍ നിലവില്‍വന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്വന്തമായി ഒരു പദ്ധതിരേഖ തയാറാക്കാന്‍ കാത്തിരുന്നത് ഒന്‍പതു വര്‍ഷമാണ്. 2007 മുതലുണ്ടായ വലിയ ദുരന്തങ്ങളില്‍പ്പെട്ട് നിരവധിപേര്‍ മരണപ്പെട്ട പശ്ചാത്തലത്തിലാണ് പദ്ധതിരേഖ തയ്യാറാക്കിയത്.
ദുരന്ത പ്രതികരണത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ദുരന്ത ലഘൂകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനം വേണമെന്ന് പദ്ധതി രേഖയില്‍ പറയുന്നു. കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 39 തരം ദുരന്ത സാഹചര്യങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനം പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നതിന് ഏതു രീതിയില്‍ പങ്കുവഹിക്കുമെന്നും പദ്ധതിരേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.
വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കേണ്ട രീതികളും എടുക്കേണ്ട മുന്നൊരുക്കങ്ങളും നടപടികളും വിവരിക്കുന്നുണ്ട്. 156 പേജുള്ള പദ്ധതി രേഖയോടൊപ്പം 2000 പേജുള്ള അനുബന്ധ രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുള്ള 39 തരം ദുരന്തങ്ങള്‍ക്ക് തയ്യാറെടുപ്പു നടത്തേണ്ട വകുപ്പുകള്‍ ഏത്, പ്രതികരണ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പുകള്‍, ലഘൂകരണ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പുകള്‍ ഏതൊക്കെയാണെന്നും രേഖയിലുണ്ട്.
ദുരന്ത തയ്യാറെടുപ്പ്, പ്രതികരണം, പുനര്‍ നിര്‍മാണം, ലഘൂകരണം എന്നിവയ്ക്ക് കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് വിധേയമായുള്ള സാമ്പത്തിക സ്രോതസുകളും നിലവില്‍ ലഭ്യമായ തുകകളുടെ കണക്കും ഈ തുക ഉപയോഗിച്ച് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ് 23(1) പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ദുരന്ത ലഘൂകരണ പദ്ധതി ഉണ്ടായിരിക്കണമെന്നാണ്.
ശബരിമല പുല്ലുമേട് ദുരന്തം, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, കരുനാഗപ്പള്ളി ഗ്യാസ് ടാങ്കര്‍ അപകടം, കോഴിക്കോട് മിഠായി തെരുവ്- തിരുവനന്തപുരം ചാല മാര്‍ക്കറ്റ് തീപിടിത്തങ്ങള്‍, നിരത്തുകളില്‍ അടിക്കടിയുണ്ടാകുന്ന ടാങ്കര്‍ ലോറി അപകടങ്ങള്‍, ട്രെയിന്‍ ദുരന്തങ്ങള്‍, ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, സുനാമി തുടങ്ങി നിരവധി ദുരന്തങ്ങള്‍ ജനങ്ങളുടെ സൈ്വര ജീവിതത്തെ ബാധിച്ചിട്ടുണ്ട്. നിരവധി ജീവനുകളാണ് പുല്ലുമേട്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലും പൊലിഞ്ഞത്. മഴക്കാലങ്ങളിലും വേനലിലും ജീവഹാനികള്‍ സംഭവിക്കുന്നതിന്റെ അളവ് വര്‍ധിക്കുന്നു.
മുഖ്യമന്ത്രി അധ്യക്ഷനും റവന്യുമന്ത്രി ഉപാധ്യക്ഷനും, കൃഷിമന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, റവന്യു-ദുരന്ത നിവാരണ വകുപ്പു സെക്രട്ടറി, സംസ്ഥാന അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രം മേധാവി എന്നിവരുടെ കമ്മിറ്റിയാണ് പദ്ധതി രേഖ അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."