കന്നുകാലികള്‍ക്ക് മാരക രോഗം: അന്വേഷിക്കാന്‍ മന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: പാലക്കാട് തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ പശുക്കള്‍ക്ക് പിടിപെട്ട രോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ മൃഗ സംരക്ഷണ വകുപ്പു മന്ത്രിയുടെ ഉത്തരവ്. വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സുപ്രഭാതം പുറത്തുകൊണ്ടുവന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
ഫാമിലെ 84 പശുക്കളിലാണ് ബ്രുസിലോസിസ്-എ എന്ന ബാക്ടീരിയ വഴിയുള്ള മാരകരോഗം സ്ഥിരീകരിച്ചത്. ഇതുമൂലമുണ്ടാകുന്ന മാരകരോഗങ്ങള്‍ മനുഷ്യരില്‍ വേഗം പടര്‍ന്നു പിടിക്കുന്നതാണ്. രണ്ടുവര്‍ഷം മുന്‍പാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ രോഗവിവരം മറച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഫാമിലെ ജീവനക്കാര്‍ മൃഗക്ഷേമ ബോര്‍ഡിന് പരാതി നല്‍കി. രോഗബാധയേറ്റ കന്നുകാലികളെ ദയാവധത്തിനു വിധേയമാക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡും നിര്‍ദേശിച്ചിരുന്നു. ഈ വിവരം സര്‍ക്കാരിനെ അറിയിച്ച് രോഗബാധയുള്ള പ്രദേശത്തെ നോട്ടിഫൈ ചെയ്യിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍, രോഗബാധയേറ്റ കാലികളെ തൃശൂരിലെത്തിച്ച് ദയാവധം നടത്താനാണ് അധികൃതര്‍ തയാറെടുത്തത്. ഇത് ഏറെ അപകടം ക്ഷണിച്ചുവരുത്തും.
രോഗവാഹകരായ കന്നുകാലികളെ പൊതുസ്ഥലത്തുകൂടി കൊണ്ടുവരാന്‍ പാടില്ലെന്നും ഈ ഉദ്യമത്തില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പു സെക്രട്ടറിക്കും ഡയറക്ടര്‍ക്കും മൃഗക്ഷേമ ബോര്‍ഡ് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
വെറ്ററിനറി സര്‍വകലാശാല തന്നെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ടു ചെയ്യാതെ, രോഗ വാഹകരായ പശുക്കളില്‍ നിന്നും ഇപ്പോഴും പാല്‍ ശേഖരിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
ബ്രുസിലോസിസ്-എ എന്ന വൈറസ് മൂലം രോഗം പിടിപെടുന്ന മനുഷ്യര്‍ക്ക് വിട്ടുവിട്ടുള്ള പനി, പേശികളില്‍ വേദന, നടുവുവേദന, തലവേദന, അതിക്ഷീണം, ഗ്രന്ധിവീക്കം, ഭാരക്കുറവ്, വിഷാദ രോഗം തുടങ്ങി നിരവധി രേഗങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. വന്ധ്യതയും ഹൃദയാഘാതവുമുണ്ടാകാനുമുള്ള സാധ്യതയും കൂടുതലാണ്. രോഗബാധയേറ്റ കാലികളുടെ പാലും പാലുല്‍പന്നങ്ങളും രണ്ടുവര്‍ഷമായി എത്രപേര്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."