മംഗഫ് തീപിടുത്തം; മലയാളികളടക്കം 50 പേരുടെ ജീവൻ പൊലിഞ്ഞ കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ച് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: 2024 ജൂണിൽ അമ്പത് പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടുത്ത കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ച് കുവൈത്ത് കാസേഷൻ കോടതി.
അപ്പീലുകളിൽ അന്തിമ തീരുമാനം എടുക്കുന്നതു വരെയാണ് തടവുശിക്ഷ തടഞ്ഞുവെച്ചിരിക്കുന്നത്. തടവുശിക്ഷയ്ക്ക് പകരം 5,000 ദിർഹം പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടു. അൽ ബദാ കമ്പനിയുടെ ഡയറക്ടർ മുഹമ്മദ് നാസർ അൽ ബദായുൾപ്പെടെയുള്ള പ്രതികൾക്ക് അപ്പീൽ കോടതി വിധിച്ച ഒരു വർഷത്തെ തടവുശിക്ഷയാണ് കാസേഷൻ കോടതി റദ്ദാക്കിയത്.
നേരത്തേ കേസിലെ പ്രതികൾക്ക് ക്രിമിനൽ കോടതി വിധിച്ച മൂന്നു വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയുൾപ്പെടെയുള്ള കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നരഹത്യ കുറ്റം ചുമത്തിയ മൂന്ന് പേർക്ക് മൂന്ന് വർഷത്തെ കഠിന തടവും കള്ളസാക്ഷി നിന്ന രണ്ടു പേർക്കും പിടികിട്ടാപ്പുള്ളിയെ ഒളിപ്പിച്ച നാലു പേർക്കും ഒരു വർഷം വീതം കഠിന തടവും അപ്പീൽ കോടതി വിധിച്ചിരുന്നു.
നേരത്തെ അപ്പീൽ കോടതി പുറപ്പെടുവിച്ച വിധിയിൽ ഗുരുതരമായ നിയമപരമായ പിഴവുകളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിലെ വസ്തുതകൾ കൃത്യമായി വിശകലനം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്നും, അതിനാൽ വിധി പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ വാദങ്ങൾ പ്രാഥമികമായി അംഗീകരിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.
മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം സമീപകാലത്ത് കുവൈത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. മരിച്ച 50 പേരിൽ 46 പേരും ഇന്ത്യക്കാരായിരുന്നു എന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ഇതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.
കെട്ടിടത്തിൽ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് തീപിടിത്തം ഇത്ര വലിയ ദുരന്തമായി മാറാൻ കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
kuwait court orders suspension of prison sentences in mangaf fire case where fifty people including malayalis died triggering debate on accountability justice compensation and safety reforms for migrant workers nationwide and oversight
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."