ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി. ജനുവരി 12ന് 11.71 കോടി രൂപ കൈവരിച്ചാണ് കെ.എസ്.ആർ.ടി.സി വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതിന് മുമ്പ് ജനുവരി അഞ്ചാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.1 കോടി രൂപ കെഎസ്ആർടിസി കൈവരിച്ചത്. ഈ നേട്ടത്തിന്റെ സന്തോഷം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.
''തുടരും ഈ ജൈത്രയാത്ര.....നമ്മൾ നേടുന്ന സ്ഥിരതയാർന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. കൂടെനിന്ന്, കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമ്മൾ നേടിയ ഈ നേട്ടങ്ങൾ നമ്മൾ തുടർന്നുകൊണ്ടേയിരിക്കും... .നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി..നമ്മൾ എവിടെ നിന്ന് ഒരുമിച്ചു തുടങ്ങിയോ അവിടെനിന്നെല്ലാം ഒരുപാട് ദൂരങ്ങൾ മുന്നോട്ട് സഞ്ചരിച്ചു .. ചേർത്ത് പിടിച്ചവർക്ക്, നിർദ്ദേശങ്ങൾ നൽകിയവർക്ക്, നല്ല വിമർശനങ്ങൾക്ക് ഒരുപാട് നന്ദി..TEAM KSRTC യ്ക്ക് അഭിനന്ദനങ്ങൾ
12.01.2026 ൽ രണ്ടാമത്തെ ഉയർന്ന കളക്ഷൻ : 11.71 കോടി രൂപ
ടിക്കറ്റ് വരുമാനം 10.89 കോടി KSRTC ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. 2026 ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ ₹13.01 കോടി കെഎസ്ആർടിസി നേടിയത്. 12.01.2026 ന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ ₹11.71 കോടി നേടാനായി.
സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണ് 2024 ഡിസംബർ മാസത്തിൽ 7.8 കോടി രൂപ ശരാശരി പ്രതിദിന കളക്ഷൻ ഉണ്ടായിരുന്നിടത്ത് സമാന സാഹചര്യത്തിൽ 2025 ഡിസംബർ മാസത്തിൽ ശരാശരി 8.34 കോടി രൂപ രൂപയിൽ എത്തിയിട്ടുള്ളത്. 2025 ജനുവരി മാസം 7.53 കോടി ശരാശരി പ്രതിദിന വരുമാനം ഉണ്ടായിരുന്നത് 2026 ജനുവരി മാസത്തിൽ ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്.
പെട്ടെന്നുണ്ടായതോ പ്രത്യേക ദിവസങ്ങളിൽ ഉണ്ടായതോ ആയ വരുമാന വർദ്ധനവല്ല നിലവിൽ കെഎസ്ആർടിസിക്ക് ഉണ്ടായിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി കൂടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് തിരികെയെത്തിക്കാനായത് കെഎസ്ആർടിസിക്ക് ഏറെ ഗുണകരമായിട്ടുണ്ട്. 2024 ൽ ശരാശരി 19.84 ലക്ഷം പ്രതിദിന യാത്രക്കാർ ഉണ്ടായിരുന്ന കെഎസ്ആർടിസിയിൽ ഇപ്പോൾ 20.27 ലക്ഷം പ്രതിദിന യാത്രക്കാരാണ് ഉള്ളത്. പ്രതിദിനം ശരാശരി 43000 യാത്രക്കാരുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 1.6 കോടിയാണ് നിലവിൽ കെഎസ്ആർടിസി യാത്രക്കാരുടെ വാർഷിക വർദ്ധനവ്.
KSRTC CMDയുടെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
ബഹു.മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള സഹായ സഹകരണങ്ങൾ ഈ തുടർച്ചയായിട്ടുള്ള ജൈത്രയാത്രയ്ക്ക് സഹായകരമായിട്ടുണ്ട്. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമർപ്പിതമായി പ്രവർത്തിച്ച KSRTC CMD യോടും മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും ഞാൻ ഹൃദ്യപൂർവ്വം നന്ദിരേഖപ്പെടുത്തുന്നു'' കെബി ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."