ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്
ദുബൈ: സ്വകാര്യ ട്യൂഷൻ യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നതായി വിദ്യാഭ്യാസ വിദഗ്ധർ. റാസൽഖൈമയിൽ നടന്ന ജിസിഇഎസ് (GCES) വിദ്യാഭ്യാസ സമ്മേളനത്തിലാണ് 'ഷാഡോ എഡ്യൂക്കേഷൻ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രവണത കുട്ടികളിൽ കടുത്ത സമ്മർദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടിയത്.
പ്രമുഖ വിദ്യാഭ്യാസ ഗവേഷകൻ പ്രൊഫ. മാർക്ക് ബ്രേ അവതരിപ്പിച്ച കണക്കുകൾ പ്രകാരം യുഎഇയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 36 ശതമാനം പേരും സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്നവരാണ്. പന്ത്രണ്ടാം ക്ലാസ്സിലേക്ക് എത്തുമ്പോൾ ദുബൈയിൽ മാത്രം ഇത് 63 ശതമാനമായി കുതിച്ചുയരുന്നു. സർവ്വകലാശാല പ്രവേശനത്തിനും കരിയറിനും നിർണ്ണായകമായ പരീക്ഷകളിലെ കടുത്ത മത്സരമാണ് രക്ഷിതാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്.
ട്യൂഷൻ അക്കാദമിക് പിന്തുണ നൽകുമെങ്കിലും, അമിതമായ ആശ്രയത്വം കുട്ടികളെ തളർത്തുന്നുവെന്ന് പ്രൊഫസർ ബ്രേ പറഞ്ഞു.
സ്കൂൾ സമയത്തിന് പിന്നാലെ ട്യൂഷൻ ക്ലാസുകളിലേക്കും കൂടി പോകേണ്ടി വരുന്നത് കുട്ടികളിൽ കടുത്ത ശാരീരികക്ഷീണത്തിനും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. ഇത്തരം അമിതമായ അക്കാദമിക് ഭാരം കാരണം കുട്ടികൾക്ക് കളിക്കാനോ സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കാനോ സാധിക്കാത്തത് അവരുടെ സ്വാഭാവികമായ വളർച്ചയെയും സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കും.
ഇതിനുപുറമേ സ്വകാര്യ ട്യൂഷൻ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറുകയാണ്. പല പ്രവാസി കുടുംബങ്ങളും തങ്ങളുടെ ആകെ വരുമാനത്തിന്റെ പകുതിയോളം തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാത്രം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎഇക്ക് പുറമെ മറ്റ് അയൽരാജ്യങ്ങളിലും സമാനമായ രീതിയിൽ ട്യൂഷൻ വർദ്ധിക്കുന്നുണ്ട്.
കുവൈത്ത്: 55%
സഊദി അറേബ്യ: 50%
ബഹ്‌റൈൻ: 49%
ഒമാൻ: 40%
ഈ മേഖലയിലെ സുതാര്യത ഉറപ്പാക്കാൻ 2023 ഡിസംബറിൽ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം സ്വകാര്യ ട്യൂഷൻ വർക്ക് പെർമിറ്റുകൾ നിർബന്ധമാക്കിയിരുന്നു. ട്യൂട്ടർമാർ രജിസ്റ്റർ ചെയ്യണമെന്നും പെരുമാറ്റച്ചട്ടം പാലിക്കണമെന്നുമാണ് നിയമം.
എങ്കിലും, സ്കൂൾ പഠനത്തിന് പുറമെ ട്യൂഷൻ ഇല്ലാത്ത രീതിയിൽ പാഠ്യപദ്ധതി ക്രമീകരിക്കാൻ സ്കൂളുകൾ തയ്യാറാകണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. മാതാപിതാക്കൾ മത്സരബുദ്ധി ഒഴിവാക്കി കുട്ടികളുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്ന് വിദഗ്ധർ വിലയിരുത്തി.
experts warn excessive tuition culture and shadow education in the uae are increasing stress anxiety and burnout among students urging parents schools and policymakers to prioritize wellbeing learning and mental health systems.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."