തിരുവല്ലയിലെ ഹോട്ടലില്‍ യുവതിയുമായി വന്നതായി രാഹുല്‍ സമ്മതിച്ചെന്ന് സൂചന; രജിസ്റ്ററിലെ പേര് നിര്‍ണായക തെളിവെന്ന് എസ്.ഐ.ടി
പത്തനംതിട്ട: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലുമായി പൊലിസിന്റെ ആദ്യ തെളിവെടുപ്പ് പൂര്‍ത്തിയായി. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയ എസ്‌ഐടി സംഘം 408ാം നമ്പര്‍ മുറിയില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ ഹോട്ടലും മുറിയും രാഹുല്‍ തിരിച്ചറിഞ്ഞതായാണ് സൂചന. ഹോട്ടലിലെ 408ാം നമ്പര്‍ മുറിയില്‍ എത്തിയിരുന്നതായും രാഹുല്‍ പൊലിസിനോടു സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 മിനിറ്റാണ് തെളിവെടുപ്പിനായി എടുത്തത്. ശേഷം പൊലിസ് സംഘം രാഹുലുമായി എ.ആര്‍ ക്യാംപിലേക്ക് മടങ്ങി.
രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഹോട്ടലിലെ രജിസ്റ്ററില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതിജീവിതയുടെ പേരിലാണ് സംഭവദിവസം 408ാം നമ്പര്‍ മുറിയെടുത്തതെന്നാണ് രജിസ്റ്ററില്‍ കാണിക്കുന്നത്. എന്നാല്‍ ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേരെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇത് നിര്‍ണായക തെളിവാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അതേസമയം, സംഭവദിവസം ഇവര്‍ ഹോട്ടലില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിനു ലഭിച്ചിട്ടില്ല. 21 മാസം പിന്നിട്ടതിനാല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടില്ലായിരുന്നുവെന്നാണ് പറയുന്നത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഹാര്‍ഡ്ഡിസ്‌ക് പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും രാഹുല്‍ സമ്മതിച്ചതായും സൂചനയുണ്ട്. അതേസമയം, പീഡനത്തെ കുറിച്ചുള്ള പൊലിസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നും മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തെളിവെടുപ്പിന് ശേഷം തിരികെ പൊലിസ് വാഹനത്തിലേക്കു കയറുന്നതിനു മുന്‍പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് പൊലിസ്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അറസ്റ്റിലാവുമ്പോള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് പൊലിസ്. അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് എം.എല്‍.എയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
സ്വകാര്യ ഫോണിന്റെ പാസ് വേര്‍ഡ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട്ട് തെളിവെടുപ്പിന് കൊണ്ടു വരൂവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തും. നിലവില്‍ പ്രതി രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ വരെ എസ്.ഐ.ടി കസ്റ്റഡിയില്‍
പത്തനംതിട്ട: ബലാത്സംഗ കേസില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്ന് ദിവസം എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ട് തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.
പൊലിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. നാളെ വൈകിട്ട് രാഹുലിനെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുന്‍പ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാനാണ് ശ്രമം. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. ഒരു കേസില്‍ അറസ്റ്റ് തടഞ്ഞു, മറ്റൊരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാമത് കേസ് വരുന്നത്. കണ്ടുകിട്ടാനായി തെളിവുകള്‍ ഇല്ലെന്നും മെനഞ്ഞെടുത്ത കഥയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു.
sit indicates that rahul has admitted to visiting a hotel in thiruvalla with a woman. investigators say the name entered in the hotel register is a key piece of evidence in the ongoing probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."