ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി: സുപ്രിം കോടതി രണ്ടംഗബെഞ്ചില്‍ ഭിന്നവിധി; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന അഴിമതി നിരോധന നിയമത്തിലെ 17 എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഭിന്ന വിധിയുമായി സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച്. 17 എ ഭരണഘടനാ വിരുദ്ധമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്ന വിധിച്ചപ്പോള്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ലോക്പാലോ ലോകായുക്തയോ തീരുമാനമെടുക്കണമെന്ന് ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ വിധിച്ചു.
ബെഞ്ചിലെ അഭിപ്രായവ്യത്യാസം കണക്കിലെടുത്ത് പ്രശ്നം തീരുമാനിക്കുന്നതിന് ഉചിതമായ ഒരു ബെഞ്ച് രൂപീകരിക്കാന്‍ കേസ് ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ വയ്ക്കും.
2018ല്‍ ഒരു ഭേദഗതിയിലൂടെയാണ് അഴിമതി നിരോധന നിയമത്തില്‍ 17 എ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണന്നും ഉടന്‍ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് നാഗരത്ന വിധിച്ചു. എന്നാല്‍ ദുരുപയോഗ സാധ്യതയുണ്ടെന്ന കാരണത്താല്‍ 17 എ റദ്ദാക്കാന്‍ പാടില്ലെന്നായിരുന്നു ജസ്റ്റിസ് വിശ്വനാഥന്റെ അഭിപ്രായം. 17 എ റദ്ദാക്കിയാല്‍ ലോക്പാല്‍ വഴി നല്‍കുന്ന പരാതികള്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുമെങ്കിലും പൊലിസ് വഴി നല്‍കുന്ന പരാതികള്‍ പരിശോധനയ്ക്ക് വിധേയമാകില്ല. ഇത് ഘടനാപരമായ അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും ജസ്റ്റിസ് വിശ്വനാഥന്‍ നിരീക്ഷിച്ചു.
1988ലെ അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്. അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന സുപ്രിംകോടതി റദ്ദാക്കിയതാണെന്നും അത് ഭേദഗതിയിലൂടെ തിരികെ കൊണ്ടുവരികയായിരുന്നുവെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന്, തീരുമാനത്തിന്റെ ഭാഗമായ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ എതിര്‍ത്തു.
എന്താണ് 17 എ?
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, ശുപാര്‍ശകള്‍, തീരുമാനങ്ങള്‍ തുടങ്ങിയവ അഴിമതിയുടെ ഭാഗമാണെന്ന് ബോധ്യമായാല്‍ ആ ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നതാണ് 17എ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമാണ് അനുമതി നല്‍കേണ്ടത്. മറ്റു ജീവനക്കാരുടെ കാര്യത്തില്‍ അവരെ പദവിയില്‍ നിന്ന് നീക്കാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി ആവശ്യമാണ്. അനുമതിക്കായി ഉദ്യോഗസ്ഥര്‍ സമീപിച്ചാല്‍ ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ആവശ്യമായാല്‍ കാരണം രേഖപ്പെടുത്തി ഒരു മാസം കൂടി സമയം നീട്ടാം. എന്നാല്‍ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കൈയേടെ പിടികൂടുന്ന കേസുകളില്‍ ഇത്തരം അനുമതി ആവശ്യമില്ല.
പോരായ്മ
മന്ത്രിമാരോ മറ്റൊ നടത്തുന്ന അഴിമതിയില്‍ ഉദ്യോഗസ്ഥരും ഭാഗമായാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ അതേ സര്‍ക്കാറിന്റെ അനുമതി വേണമെന്നതാണ് ഇതിലെ പ്രധാന പോരായ്മയായി ചുണ്ടിക്കാട്ടുന്നത്. മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയത് പൊലിസ് അന്വേഷണം വൈകാനിടയാക്കും. ഇത് അഴിമതി കേസുകളില്‍ വേഗത്തിലുള്ള അന്വേഷണം തടസപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനുള്ള സൗകര്യമൊരുക്കുകുകയും ചെയ്യും. രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലുള്ള വ്യവസ്ഥയായി മാറാനുള്ള സാധ്യതയുമുണ്ട്.
ജസ്റ്റിസ് ബി.വി നാഗരത്ന
പൊതുസേവകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. വിനീത് നരേന്‍, സുബ്രഹ്‌മണ്യന്‍ സ്വാമി എന്നീ കേസുകളിലെ വിധിന്യായങ്ങളില്‍ റദ്ദാക്കിയ കാര്യങ്ങളാണ് 17 എ ഈ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വ്യവസ്ഥ. സത്യസന്ധതയുള്ളവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം ഈ വ്യവസ്ഥ അന്വേഷണം തടയുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നു.
ജസ്റ്റിസ് വിശ്വനാഥന്‍
സര്‍ക്കാറിന് പകരം എക്സിക്യൂട്ടീവുകളുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര സംവിധാനം അനുമതി നല്‍കണം.അത് ലോക്പാലോ ലോകായുക്തയോ ആകാം. ഈ വ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കുന്നത് കുട്ടിയെ കുളിവെള്ളത്തോടൊപ്പം പുറത്തെറിയുന്നതിന് തുല്യമായിരിക്കും . ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇത്തരം നിയമങ്ങളുടെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും അതോടൊപ്പം പൊതു ഓഫിസുകളുടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുകയും വേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."