ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹമിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി
ദുബൈ: 2025ല്‍ എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹമിലെത്തിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ആഗോള നിക്ഷേപകരുടെ വിശ്വസ്ത കേന്ദ്രമെന്ന ഖ്യാതി അരക്കിട്ടുറപ്പിച്ചാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ദുബൈയുടെ ഈ ചരിത്ര നേട്ടം.
പ്രതീക്ഷകളെയും മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളെയും അപ്രസക്തമാക്കിയാണ് ദുബൈ ഈ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബൈ ആവിഷ്‌കരിച്ച ദീര്‍ഘകാല പദ്ധതി പ്രകാരം 2033നകം ഒരു ലക്ഷം കോടി (ഒരു ട്രില്യണ്‍) ദിര്‍ഹമിന്റെ ഇടപാടുകള്‍ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയ പരിധിക്ക് എട്ടു വര്‍ഷം മുന്‍പ് തന്നെ ഈ മാന്ത്രിക സംഖ്യയ്ക്ക് തൊട്ടടുത്തെത്താന്‍ ദുബൈക്ക് സാധിച്ചു എന്നത് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. വാഗ്ദാനം പാലിക്കുന്ന നയം ദുബൈയുടെ സാമ്പത്തിക ഭദ്രതയില്‍ വിശ്വാസമര്‍പ്പിച്ച ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് ശൈഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.
''ഞങ്ങള്‍ പറയുന്നത് പ്രവര്‍ത്തിക്കും, പ്രവര്‍ത്തിക്കുന്നത് മാത്രമേ പറയൂ'' എന്ന യു.എ.ഇയുടെ പ്രഖ്യാപിത നയം അദ്ദേഹം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനായി എല്ലാ മേഖലകളും കൂടുതല്‍ വികസിപ്പിക്കുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
വില്‍പനയില്‍ വന്‍ വര്‍ധന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വന്‍ വര്‍ധനയാണ് 2025ല്‍ രേഖപ്പെടുത്തിയത്. ആകെ 2,15,700 വസ്തു ഇടപാടുകളാണ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 18.7 ശതമാനവും മൊത്തം മൂല്യത്തില്‍ 30.9 ശതമാനവും വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഈ കുതിപ്പ് ദുബൈ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ കരുത്തും സുതാര്യതയുമാണ് വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. മാതൃകാ നീക്കമാണ് ദുബൈയുടേതെന്നും ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.
Summary: Dubai’s real estate market hit a historic Dh917 billion in transactions in 2025, announced Sheikh Mohammed bin Rashid Al Maktoum. The sector recorded 215,700 property sales, an 18.7% rise in volume and 30.9% growth in value compared to 2024, reflecting strong investor trust and market resilience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."