ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക
തെഹ്റാൻ/വാഷിംഗ്ടൺ: ഇറാനിൽ തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. പ്രക്ഷോഭകർക്കെതിരെ വധശിക്ഷ നടപ്പാക്കിയാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
അമേരിക്ക ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ മിഡിൽ ഈസ്റ്റിലെ സഊദി അറേബ്യ, യുഎഇ, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇക്കാര്യം അയൽരാജ്യങ്ങളെ ഇറാൻ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ തടയണമെന്നും, അല്ലാത്തപക്ഷം തങ്ങളുടെ മണ്ണിലെ യുഎസ് സാന്നിധ്യം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ വ്യക്തമാക്കി.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഖത്തറിലെ അൽ ഉദൈദ് (Al Udeid) വ്യോമതാവളത്തിൽ നിന്ന് പ്രധാന ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകാാൻ അമേരിക്ക നിർദ്ദേശിച്ചു. പതിനായിരത്തോളം സൈനികരുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ താവളമാണിത്. കഴിഞ്ഞ വർഷം ഇറാൻ ഇവിടെ മിസൈൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ പുതിയ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ലോകം കാണുന്നത്. ബ്രിട്ടനും തങ്ങളുടെ ഉദ്യോഗസ്ഥരെ ഈ താവളത്തിൽ നിന്ന് മാറ്റാൻ തുടങ്ങിയിട്ടുണ്ട്.
26 വയസ്സുകാരനായ പ്രക്ഷോഭകാരി ഇർഫാൻ സോൾട്ടാനിക്ക് ഇറാൻ വധശിക്ഷ വിധിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. പ്രക്ഷോഭകാരികളെ കൊന്നൊടുക്കുന്നത് തുടർന്നാൽ അമേരിക്കയുടെ സഹായം ഉടൻ എത്തും എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു.
"അമേരിക്കക്ക് ഒരു യുദ്ധം പരീക്ഷിക്കണമെന്നുണ്ടെങ്കിൽ ഞങ്ങൾ അതിനും തയ്യാറാണ്" എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇസ്റാഈലാണെന്നും ഇറാൻ ആരോപിക്കുന്നു. യുഎസ് താവളങ്ങൾക്ക് സ്ഥലം നൽകുന്ന രാജ്യങ്ങളെല്ലാം ഇറാന്റെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പ് ഗൾഫ് രാജ്യങ്ങളെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നു.
tensions escalate in the middle east: iran threatens us bases as america evacuates personnel from qatar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."