2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്
ന്യൂഡൽഹി: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ തണുപ്പിൽ വിറങ്ങലിക്കുന്ന മെട്രോ സിറ്റിയാണ് രാജ്യ തലസ്ഥാനമായ ന്യൂഡൽഹി. അസ്ഥി മരവിപ്പിക്കുന്ന താപനിലയാണ് തലസ്ഥാനം ഇപ്പോൾ ഉള്ളത്. സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതത്തിനാണ് വ്യാഴാഴ്ച (ജനുവരി 15) ജനം സാക്ഷിയായത്. ജനുവരി മാസത്തിൽ 2023 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയായ 2.9°C ആണ് രേഖപ്പെടുത്തിയത്. നഗരത്തിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിലാണ് ഈ കൊടുംതണുപ്പ് രേഖപ്പെടുത്തിയത്.
2023 ജനുവരി 16 ന് ഏറ്റവും കുറഞ്ഞ താപനില 1.4°C ആയി കുറഞ്ഞിരുന്നു. ഡൽഹിയിലെ എല്ലാ കാലാവസ്ഥാ കേന്ദ്രങ്ങളും സാധാരണയേക്കാൾ വളരെ താഴെയാണ് ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി താപനില രേഖപ്പെടുത്തിയത്, ഇത് നഗരത്തിലുടനീളം ശീതതരംഗം തുടരുന്നതിലേക്ക് ആണ് സൂചനകൾ നൽകുന്നത്. കഴിഞ്ഞ നാല് ദിവസമായി ദേശീയ തലസ്ഥാനം ശീതതരംഗ സാഹചര്യങ്ങളിൽ വലയുകയാണ്. നാളെയും ഇതേ അവസ്ഥ തുടരുമെന്നാണ് കണക്കുകൂട്ടുന്നത്.
2010 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ പാലമിൽ രേഖപ്പെടുത്തിയത്. പാലത്തിൽ കുറഞ്ഞ താപനില 2.3°C ആയിരുന്നു. ലോധി റോഡിൽ 3.4°C, റിഡ്ജ് സ്റ്റേഷനിൽ 4.5°C, അയനഗറിൽ 2.7°C, എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.
മൂടൽമഞ്ഞ് അനുഭവപ്പെടുന്നത് നഗരത്തിലുടനീളമുള്ള ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ദൃശ്യപരതയെ മൂടൽമഞ്ഞ് ബാധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ഉൾപ്പെടെ ഏറെ പ്രയാസമാണ് കാര്യങ്ങൾ. ജനുവരി 16 വരെ ഡൽഹിയിൽ രാവിലെയും രാത്രിയും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനുവരി 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."