ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം പല ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. സിപിഎം കൗൺസിലർ എസ്.പി ദീപക്കിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് ഹരജിക്കാരൻ ആവശ്യമുന്നയിരിച്ചിരിക്കുന്നത്. കോടതിയുടെ അന്തിമ വിധിക്ക് വിധേയായിരിക്കും സത്യപ്രതിജ്ഞ റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയിൽ വാദിച്ചത്.
കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി കൗൺസിലർ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ അവസാനിപ്പിക്കുമ്പോൾ ഇവർ ശരണം വിളിക്കുകയും ചെയ്തത്. കരമന വാർഡിലെ കൗൺസിലർ കരമന അജിത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് വേദി വിട്ടത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതവും പാടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."