മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ കയ്യിൽ നിന്ന് മഷി അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി, വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായി വിരലിൽ പുരട്ടുന്ന മഷിയെ കുറിച്ച് വ്യാപക പരാതി. തുണി ഉപയോഗിച്ച് തുടക്കുമ്പോൾ മഷി പോകുന്നതായും, വീട്ടു ജോലികൾ ചെയ്തവരുടെ കയ്യിൽ നിന്നും മഷി അപ്രത്യക്ഷമായതായും പരാതികൾ പുറത്തുവന്നു. മഷി മായ്ക്കുന്നതായി നിരവധി പരാതികൾ ഉണ്ടെന്ന് ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെ ആരോപിച്ചു. ഭരണ സഖ്യത്തിനൊപ്പം പരസ്യമായി നിൽക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മറെയെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഷിയുടെ ഗുണനിലവാരം സംബന്ധിച്ച വോട്ടർമാരുടെ ആരോപണങ്ങളെയും വോട്ട് ഇരട്ടിപ്പിക്കലിനെക്കുറിച്ചുള്ള ആശങ്കകളെയും തുടർന്ന് ഘാട്‌കോപ്പറിലെ ബൂത്തിൽ സംഘർഷം ഉണ്ടായി. ഒരു ബൂത്തിൽ വോട്ടെടുപ്പ് നിർത്തിവയ്ക്കുകയും ബാക്കിയുള്ളതിൽ വോട്ടിങ് തടസ്സപ്പെടുകയും ചെയ്തു. ചില പൗരന്മാരുടെ മേലുള്ള മഷി സാധാരണ വീട്ടുപകരണങ്ങൾ ഉപയോഗിച്ചതിന് ശേഷം അപ്രത്യക്ഷമായതായും റിപ്പോർട്ട് ഉണ്ട്.
സാധാരണ വോട്ടർമാരും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും വോട്ട് ചെയ്തതിന് ശേഷം വിരലിലെ 'മായാത്ത' മഷി അസെറ്റോൺ ഉപയോഗിച്ച് തുടയ്ക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മഷി നീക്കം ചെയ്യാൻ കഴിയുന്നതിനാൽ ആളുകൾ രണ്ടുതവണ വോട്ട് ചെയ്യുന്നുണ്ടെന്ന് എംഎൻഎസ് മേധാവി രാജ് താക്കറെ അവകാശപ്പെട്ടു. പ്രവർത്തകർ ജാഗ്രത പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
'ഇത്തരം വഞ്ചനാപരമായ മാർഗങ്ങളിലൂടെ ആരെങ്കിലും അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ ഇതിനെ ഒരു തിരഞ്ഞെടുപ്പായി കാണുന്നില്ല. ഈ കാര്യങ്ങളെല്ലാം സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ഞാൻ ജനങ്ങളോടും, ശിവസേന പ്രവർത്തകരോടും, മാതോശ്രീ സേന പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു' - രാജ് താക്കറെ പറഞ്ഞു.
ഇതിന് പുറമെ, ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ഉൾപ്പെടെ നിരവധി നേതാക്കൾക്ക് വോട്ടർ പട്ടികയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സ്ഥിരമായി വോട്ട് ചെയ്യുന്ന ബൂത്തിൽ നിന്ന് മാറി അവർക്ക് മറ്റൊരും പോളിംഗ് സ്റ്റേഷനിലേക്ക് എത്തിയാണ് വോട്ട് ചെയ്യാൻ സാധിച്ചത്. അതേസമയം, ഉച്ചയ്ക്ക് 1.30 വരെ ബിഎംസി തെരഞ്ഞെടുപ്പിൽ 29.96 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."